തൃശൂര്‍: പലതും നഷ്ടപ്പെടുത്തിയ കൂട്ടത്തില്‍ കര്‍ക്കിടകമാസത്തിലെ നാലമ്പല ദര്‍ശനവും കൊറോണ കവര്‍ന്നെടുത്തു. രാമായണ മാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല ദര്‍ശനത്തിന് പേരുകേട്ട തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രാങ്കണം ഇപ്പോള്‍ പൊതുവേ ശാന്തമാണ്. നാമമാത്രമായ ഭക്തര്‍ മാത്രമേ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നുള്ളൂ. പതിവുപോലെ പുലര്‍ച്ചെ നടതുറന്ന് രാവിലെ എഴുമുതല്‍ പത്തരവരെ ദര്‍ശനത്തിന് സൗകര്യമുണ്ടായിരുന്നു. ഒരേസമയം പത്തുപേരെന്ന നിലയിലായിരുന്നു ദര്‍ശന സൗകര്യം.
കൈകള്‍ സാനിറ്റൈസ് ചെയ്ത് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച് ഭക്തരുടെ പേരും വിലാസവും ഫോണ്‍നമ്പറുമൊക്കെ രജിസ്റ്റര്‍ ചെയ്തായിരുന്നു പ്രവേശനം. രാവിലെ 7 മുതല്‍ 10.30 വരെയും, വൈകീട്ട് 5.15 മുതല്‍ 6.30 വരെയുമാണ്. ദര്‍ശന സമയം. നാലമ്പല ദര്‍ശനത്തിലെ രണ്ടാം ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രം നിലനില്‍ക്കുന്ന ഭാഗത്തും കൊറോണ ഭീഷണിയുണ്ട്.അതിനാല്‍ ക്ഷേത്രം തുറന്നിട്ടില്ല. ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലും കൊറോണ നിയന്ത്രണം കര്‍ശനമാക്കിയിരുന്നു.ഭക്തര്‍ക്ക് നടപ്പന്തലില്‍ നിന്ന് തൊഴാന്‍ മാത്രമേ അനുവാദമുള്ളൂ.പായമ്മല്‍ ക്ഷേത്രപരിസരവും കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ദര്‍ശനം ചുറ്റമ്പലത്തില്‍ മാത്രമായി നിയന്ത്രിച്ചതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രവും അടച്ചിട്ടിരിക്കുകയാണ്. മതില്‍കെട്ടിനകത്തേക്ക് പോലും ഭക്തര്‍ക്ക് പ്രവേശനമില്ല. പുറത്ത് നിന്ന് തൊഴാന്‍ മാത്രമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പുറത്ത് വഴിപാട് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. രാമായണ മാസാചരണത്തോടനുബന്ധിച്ച് ദശരഥപുത്രന്മാരെ ഒരേദിവസം ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനുള്ള ഭക്തരുടെ ആഗ്രഹമാണ് കൊറോണ ഭീഷണിമൂലം ഇല്ലാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: