പത്തനാപുരം: ശബ്ദം അന്യമായ തന്റെ ലോകത്ത് വിധിയെ വെല്ലുവിളിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്ലോറിയ നേടിയത് തിളക്കമാര്‍ന്ന വിജയം.
ജന്മനാ കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ലെങ്കിലും വിധിയുടെ മുന്നില്‍ തളര്‍ന്നുപോകാന്‍ ഗ്ലോറിയ തയ്യാറായില്ല. പിടവൂര്‍ സത്യന്‍മുക്ക് മലയില്‍ ആലുംമൂട്ടില്‍ വീട്ടില്‍ സന്തോഷ്-ജയ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളോ പഠനസൗകര്യങ്ങളോ മകള്‍ക്ക് വേണ്ടെന്നും അവളും മറ്റു കുട്ടികളെ പോലെ പഠിച്ചുവളരട്ടെ എന്നുമുള്ള മാതാപിതാക്കളുടെ തീരുമാനവും തെറ്റിയില്ല.
പൊതുവിദ്യാലയത്തില്‍ പഠിച്ച് 93 ശതമാനം മാര്‍ക്കോടെയാണ് ഈ മിടുക്കി വിജയം കൈവരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊമേഴ്സ് മുഖ്യവിഷയമായെടുത്താണ് ഗ്ലോറിയ പഠിച്ചത്. ഒരു വയസെത്തിയപ്പോഴാണ് മകളുടെ പരിമിതിയെ പറ്റി മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. മകള്‍ ആരുടെയും സഹതാപം നേടി വളരരുത് എന്ന മാതാപിതാക്കളുടെ നിശ്ചയ ദാര്‍ഢ്യവും ഗ്ലോറിയയ്ക്ക് വഴികാട്ടിയായി.
ക്ലാസ് മുറിയിലും അധ്യാപകരുടെ മുഖത്തും സസൂക്ഷ്മം വീക്ഷിച്ച് അറിവുകള്‍ സ്വായത്തമാക്കുന്ന കുട്ടിയെപ്പറ്റി പറയുമ്പോള്‍ അധ്യാപകര്‍ക്കും നൂറുനാവാണ്. പഠനത്തില്‍ മാത്രമല്ല, ചിത്രരചനയിലുള്‍പ്പെടെ കലയുടെ ലോകത്തും പരിമിതികളെ അതിജീവിച്ച് മികവ് പുലര്‍ത്തി ഗ്ലോറിയ മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: