ന്യൂദല്‍ഹി: സെവാഗും ഉത്തപ്പയും പന്തെറിയുക, അതും നി ര്‍ണായക ഘട്ടത്തില്‍. ആദ്യം അതിശയിച്ചവരെ പിന്നീട് അത്ഭുതപ്പെടുത്തിയ 2007 ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ ഓവര്‍ വിജയം ഓര്‍ത്തെടുക്കുകയാണ് അന്നത്തെ ബൗളിങ് പരിശീലകനായിരുന്ന വെങ്കിടേഷ് പ്രസാദ്. പ്രഥമ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ മുമ്പെങ്ങും ഇല്ലാത്ത വിധം ബൗള്‍-ഔട്ട് എന്ന സൂപ്പര്‍ ഓവര്‍ പ്രക്രിയ നടപ്പിലാക്കേണ്ടി വന്നു. ബാറ്റ്സ്മാനില്ലാതെ ബൗളര്‍ മാത്രം പങ്കെടുക്കുന്നതാണ് അപൂര്‍വ ബൗള്‍-ഔട്ട് സംവിധാനം.
സ്ഥിരം ബൗളര്‍മാരെ ഒഴിവാക്കി ബാറ്റ്സ്മാന്മാരായ വിരേന്ദര്‍ സെവാഗിനെയും റോബിന് ഉത്തപ്പയെയും ഉപയോഗിച്ചായിരുന്നു അന്ന് ബൗള്‍-ഔട്ടില്‍ ഇന്ത്യയുടെ ജയം. താത്ക്കാലിക ബൗളര്‍മാരെ ഉപയോഗിക്കാനുള്ള തീരുമാനം ലോക ക്രിക്കറ്റില്‍ തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്. അന്ന് നായകന് എം.എസ്. ധോണിയോട് സെവാഗിനെയും ഉത്തപ്പയെയും ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശം താനാണ് നല്‍കിയതെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ വെങ്കിടേഷ് പ്രസാദ്.
സെവാഗും ഉത്തപ്പയും നെറ്റ്സില്‍ ബാറ്റ്സ്മാനില്ലാതെ പന്തെറിയുന്നത് കാണാറുണ്ട്. അവര്‍ വിക്കറ്റും വീഴ്ത്തും. എന്നാല്‍ സ്ഥിരം ബൗളര്‍മാര്‍ ബാറ്റ്സ്മാന് ഉള്ളപ്പോഴാണ് പന്തെറിയുന്നത്. ബാറ്റ്സ്മാനില്ലാത്തപ്പോള് പന്തെറിഞ്ഞുള്ള ഇവരുടെ ശീലം വിശ്വാസത്തിലെടുക്കുകയായിരുന്നു.
ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരുന്നെന്നും വെങ്കിടേഷ് പറഞ്ഞു. രവിചന്ദ്ര അശ്വിനുമായുള്ള യൂടൂബ് സംഭാഷണത്തിനിടെയാണ് വെങ്കിടേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന ബൗളറെന്ന നിലയില്‍ ഹര്ഭജന് സിങ്ങിനെ മാത്രമാണ് ഇന്ത്യ ബൗള്‍-ഔട്ടില്‍ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: