കൊച്ചി: കൊച്ചി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നോര്‍വേയിലെ ആസ്‌കോ മാരിടൈം എ.എസി.നായി ഓട്ടോണമസ് ഇലക്ട്രിക് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു
രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി നോര്‍വേയിലെ ആസ്‌കോ മാരിടൈം എ.എസുമായി (ASKOmaritime AS)കൊച്ചി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) കരാര്‍ ഒപ്പിട്ടു.
നോര്‍വേയിലെ ആസ്‌കോ മാരിടൈമിനു വേണ്ടി ആദ്യത്തെ പൂര്‍ണ്ണ ഓട്ടോമാറ്റിക് വൈദ്യുത യാനം നിമ്മിച്ചു നല്‍കാനുള്ള കരാര്‍ നേടിയതില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ കൊച്ചി കപ്പല്‍ശാലയെ പ്രശംസിച്ചു. വിവിധ ആഗോള കപ്പല്‍ശാലകളുമായി മത്സരിച്ച് ആണ് കൊച്ചി കപ്പല്‍ശാല കരാര്‍ നേടിയതെന്നും കപ്പല്‍ നിര്‍മ്മാണ വ്യവസായത്തില്‍ ചരിത്രപരമായ നാഴികക്കല്ലാണിതെന്നും മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പല്‍ നിര്‍മ്മാതാവാണ് കൊച്ചി കപ്പല്‍ശാല. പ്രശസ്തമായ നോര്‍വീജിയന്‍ നോര്‍ജസ് ഗ്രുപെന്‍ എ.എസ്.എ. കമ്പനിയുടെ (Norgen Gruppen ASA) ഉപ കമ്പനിയായ ആസ്‌കോ മാരിടൈമില്‍ നിന്നുമാണ് ഈ അഭിമാനകരമായ കയറ്റുമതി ഓര്‍ഡര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഈ വൈദ്യുത കപ്പല്‍ പദ്ധതി നോര്‍വേയുടെ ഒരു സ്വപ്ന പദ്ധതിയാണ്. പദ്ധതിക്ക് നോര്‍വീജിയന്‍ സര്‍ക്കാര്‍ ഭാഗികമായി ധനസഹായം നല്‍കുന്നു. പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞാല്‍, ഈ കപ്പല്‍ കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഓട്ടോണമസ് വെസല്‍സ് രംഗത്ത് ലോകത്തിന് മുന്നില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കും.
കൊച്ചി വാട്ടര്‍ മെട്രോയ്‌ക്കായി കൊച്ചി കപ്പല്‍ശാല 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകള്‍ നിര്‍മ്മിച്ചു വരികയാണ്. ഹൈടെക് കപ്പല്‍ നിര്‍മ്മാണം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ലോകത്തിലെ പ്രീമിയര്‍ ഷിപ്പ് ബില്‍ഡിംഗ് യാര്‍ഡുകളുടെ നിരയിലേക്ക് ഈ പദ്ധതി കൊച്ചി കപ്പല്‍ശാലയെ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: