തൃശൂര്‍: ലോക്ഡൗണിന്റെ പിടിയില്‍ നിന്ന് രാജന് വീണ്ടും വഴിയോരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ അന്നന്നത്തെ അന്നത്തിനായി ‘ഭാഗ്യം’ വില്‍ക്കുകയാണ് കൊടകര ആനന്ദപുരം കുന്നത്ത് വീട്ടില്‍ രാജന്. ജന്മനാ കാഴ്ചശക്തിയില്ലാത്ത രാജന് കുന്നംകുളത്തെ അന്ധവിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ദുര്‍ഗാദേവി ക്ഷേത്രത്തിനുസമീപത്താണ് വര്‍ഷങ്ങളായി രാജനും ഭാര്യ തങ്കമണിയും താമസിക്കുന്നത്.
കൊറോണയുടെ വരവോടെ എല്ലാവര്‍ക്കുമെന്നപോലെ രാജനും സാമ്പത്തികമായി തകര്‍ന്നു. ആകെയുണ്ടായിരുന്ന ലോട്ടറി വരുമാനം നിലച്ചു. മൂന്ന് മാസം വീട്ടിലിരുന്നു. ലോട്ടറി ഓഫീസില്‍നിന്നുള്ള 2000 രൂപയും താലൂക്ക് കാര്യാലയത്തില്‍ നിന്ന് 1000 രൂപയും മാത്രമായിരുന്നു ആകെ ലഭിച്ചത്. എന്നാല്‍ ഇളവുകള്‍ വന്നതോടെ വീണ്ടും പരിചയക്കാര്‍ക്കു മുന്നില്‍ ലോട്ടറി ടിക്കറ്റിന്റെ ചെറിയ കെട്ടുമായി ഇറങ്ങി.
തോല്‍ക്കാനാവില്ല, കാഴ്ച്ചയില്ലെങ്കിലും നാട്ടുകാരുടെ സഹായഹസ്തമുണ്ട് മുന്നില്‍. വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പരിചിതനാണ്. ഒന്നര പതിറ്റാïോളമായി കൊടകരയുടെ വീഥികളില്‍ രാജന്റെ കൈവടി കുത്തുന്ന ശബ്ദമുണ്ട്. ദിവസവും 300 രൂപ ലാഭം കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 രൂപ ഓട്ടോക്കൂലിക്കായി മാറ്റണം.
രണ്ടു പശുക്കളെ വീട്ടില്‍ വളര്‍ത്തിയിരുന്നു. പക്ഷെ കാഴ്ച്ചയില്ലാത്ത രാജന് അവയെ പോറ്റിക്കൊണ്ടുപോകാനായില്ല. ആറാംവയസുമുതല്‍ ഒരു കണ്ണിനു കാഴ്ചയില്ലാത്ത തങ്കമണിയെ പ്രണയിച്ച് ജീവിത സഖിയാക്കിയതാണ്. ഇരുവരും കൈ ചേര്‍ത്തുപിടിച്ചിട്ട് 20 വര്‍ഷം. സ്ഥിരമായി ഒരിടത്തിരുന്ന് ലോട്ടറി വില്‍പ്പന നടത്തണമെന്നത് രാജന്റെ മോഹമാണെങ്കിലും തുച്ഛമായ വരുമാനം മാത്രമുള്ളവന് എങ്ങനെ സാധിക്കും. നാട്ടുകാരെ ശബ്ദത്തിലൂടെ തിരിച്ചറിയുന്ന രാജനറിയാം കൊറോണയെ പേടിച്ച് വീട്ടിലിരുന്നാല്‍ അടുപ്പു പുകയില്ലെന്ന്… മുന്നോട്ടുള്ള യാത്രയില്‍ ആഗ്രഹങ്ങള്‍ ഓരോന്നായി നേടിയെടുക്കാനുറച്ചാണ് മുന്നോട്ടുള്ള ഓരോ ചുവടും, സഹായത്തിനായി സ്വന്തം നാട്ടുകാരും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: