തൃശൂര്‍: ചാലക്കുടി കൊരട്ടി കോനൂര്‍ പാലമുറിയില്‍ പുരാവസ്തുവകുപ്പ് സംരക്ഷിച്ച് പോരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയ പാലമരവും പാല ചുവട്ടില്‍ സ്ഥാപിച്ചിരുന്ന ദൈവങ്ങളുടെ വിഗ്രഹവും തകര്‍ക്കാന്‍ ശ്രമം. ടിപ്പു സുല്‍ത്താന്‍ ഭേദിക്കാന്‍ ശ്രമിച്ച നെടുംകോട്ടയുടെ ഭാഗമായി അവശേഷിക്കുന്ന ഭാഗത്ത് നില്‍ക്കുന്ന പാലമരം അനധികൃതമായി മുറിച്ച് നീക്കുവാനുള്ള ശ്രമം ഹിന്ദുഐക്യവേദി ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി എസ്ഐ രാമു ബാലചന്ദ്ര ബോസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ നല്‍കിയ ഉത്തരവിന്റെ കോപ്പിയും മറ്റും രേഖമൂലം ലഭിക്കാത്ത സാഹചര്യത്തില്‍ തല്‍ക്കാലം പാലമരം മുറിക്കാനുള്ള ശ്രമം നിര്‍ത്തി വെച്ചു. പാലചുവട്ടില്‍ വെച്ചാരാധിച്ച് പോരുന്ന പതിയുടെ ശില ഒരെണ്ണം ഇളക്കി മാറ്റി കുഴിച്ചുമൂടിയ നിലയിലായിരുന്നു. മറ്റൊരെണ്ണം വിളക്ക് തറയില്‍ നിന്ന് വലിച്ച് മാറ്റിയ നിലയിലും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലയും അതിന്റെ ചുവടിലുണ്ടായിരുന്ന ശില ദൈവങ്ങള്‍ക്ക് സമീപവാസികള്‍ നിത്യവും വിളക്ക് വെച്ച് ആരാധിച്ച് പോന്നിരുന്നതാണ്. പാലമരം സമീപ വാസികള്‍ക്ക് ഭീഷണിയാണെന്ന് കാണിച്ച് സമീപ വാസികളായ 11 പേര്‍ പഞ്ചായത്തിന് നല്‍കിയ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടുകയായിരുന്നു. ക്യൂറേറ്റര്‍ സ്ഥലം സന്ദര്‍ശിച്ച് ഡയറക്ടര്‍ക്ക് നാട്ടുകാരുടേയും പഞ്ചായത്തിന്റെ കത്തടക്കമുള്ള റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭീഷണിയുള്ള ശിഖരങ്ങള്‍ വെട്ടിമാറ്റുവാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയതായി പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ അബ്ദുള്‍ ഹക്കിം പറയുന്നു. രാഷ്ട്ട്രീയ സ്വാധീനം ഉപയോഗിച്ച് പാലമരം മുറിച്ച് മാറ്റുന്നതിന്റെ മറവില്‍ ഇവിടെ വെച്ചാരാധിക്കുന്നത് ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് നിലപാടുമായി ഹിന്ദുഐക്യവേദി, ബിജെപി നേതാക്കള്‍ രംഗത്ത് വന്നതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് സംസ്ഥാന സമിതിയംഗം കെ.പി. ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി അഡ്വ. സജി കുറുപ്പ് ,മദ്ധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, ജില്ലാ കമ്മിറ്റിയംഗം ടി.വി. ഷാജി, ഇ.എം. സുനില്‍ കുമാര്‍, അമല്‍ രാജ് എന്‍. വി, ബിജു എം.എ, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വേണു കോക്കാടന്‍, ജനറല്‍ സെക്രട്ടറി സജിത് വൈപ്പിന്‍, ഖജാന്‍ജി അനില്‍ മുല്ലശ്ശേരി, കൊരട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മനോജ് മാനമ്പിള്ളി, സി.കെ. ദാസന്‍, പി.ജി മോഹനന്‍, പി. കെ. കുട്ടപ്പന്‍, എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിക്കുന്നത് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക