തൃശൂര്‍: കൊറോണ പ്രതിരോധവുമായി സഹകരിച്ച് ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നാലമ്പല ദര്‍ശനം അനിശ്ചിതത്വത്തില്‍. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. ഇരിങ്ങാലക്കുട കൂടല്മാണിക്യക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലും രാമായണമാസാചാരണത്തോടനുബന്ധിച്ച് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയര്മാന് യു.പ്രദീപ്മേനോന്‍ അറിയിച്ചു.
തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിലേക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും മുഖമണ്ഡപത്തില്‍ നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഒരേ സമയം 10 പേര്‍ക്ക് നിയന്ത്രണത്തോടെയായിരിക്കും ദര്‍ശനം. അന്നദാനവും ബലിതര്‍പ്പണവും ഒഴിവാക്കിയിട്ടുണ്ട്. തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ പുറത്തു നിന്ന് തൊഴുത് വഴിപാട് നടത്തി മടങ്ങാം. നാലമ്പല ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. പായമ്മല്‍ ക്ഷേത്രത്തില്‍ നിലവില്‍ മേല്‍ശാന്തി രാവിലെയും വൈകിട്ടും പൂജ നടത്തുന്നുണ്ട്. പ്രസാദവിതരണവും അന്നദാനവുമുണ്ടാകില്ല.
ദശരഥ പുത്രന്മാരും ത്രേതായുഗ സഹോദരങ്ങളുമായ ശ്രീരാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നിവര്‍ വാഴുന്ന നാലു ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഇതിനാല്‍ ഒരു മാസം നീളുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടാറുള്ളത്. ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി പ്രതിദിനം ആയിരങ്ങള്‍ ദര്‍ശനത്തിനെത്താറുണ്ട്. നാലു ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനുശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ വീണ്ടുമെത്തി ദര്‍ശനം നടത്തിയാലേ നാലമ്പല തീര്‍ത്ഥാടനം പൂര്‍ത്തിയാവുകയുള്ളൂ.
ശ്രീരാമനെ നിര്‍മ്മാല്യ പൂജയ്ക്കും ഭരത-ലക്ഷ്മണന്മാരെ ഉഷപൂജയ്ക്കും ശത്രുഘ്നനെ ഉച്ചപൂജയ്ക്കും ദര്‍ശിക്കുന്നതാണ് ഉചിതമെങ്കിലും രാമായണമാസാചരണത്തോടനുബന്ധിച്ച് തിരക്കുണ്ടാകാറുള്ളതിനാല് ഭക്തര്‍ക്ക് ഇതിന് സാധാരണ സാധിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: