കൊച്ചി : ചികിത്സയ്ക്കെത്തിയ സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏലൂര്‍ പാതാളം ഇഎസ്ഐ ആശുപത്രിയിലെ എട്ട് പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരെ ചികിത്സിച്ച ഡോക്ടര്‍ അടക്കമുള്ളവരാണ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്.
ആലുവ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഈ മാസം പത്തിന് ചികിത്സയ്ക്കെത്തിയ സ്ത്രീക്കാണ്(65) ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ചികിത്സിച്ച ഡോക്ടര്‍, ഇസിജി, എക്സറേ ടെക്നീഷ്യന്മാര്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരടക്കമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.
ഇവര്‍ നിരവധി പേരുമായി അടുത്തിടപഴകിയെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇവരുടെ സമ്പര്‍ക്കപ്പട്ടിക ഇതുവരെ ലഭ്യമായിട്ടില്ല. രോഗബാധിതയായ സ്ത്രീയെ ഇഎസ്ഐ ആശുപത്രി ക്യാഷ്വാലിറ്റിയില്‍ കെടത്തിയിരുന്നു. ഈ സമയം അവിടെ വേറേയും രോഗികള്‍ ഉണ്ടായിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇഎസ്ഐ ആശുപത്രി സുരക്ഷിതമല്ലെന്ന് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആശുപത്രി സൂപ്രണ്ട് ദേവദാസ് ഇതെല്ലാം തള്ളിക്കളയുകയായിരുന്നു. ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ചികിത്സയ്ക്ക് എത്തിയ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രി അണിവിമുക്തം ആക്കിയില്ലെന്നും പരാതിയുണ്ട്. ഇപ്പോഴും രോഗികള്‍ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്നിട്ടും അധികൃതര്‍ ഇത് ഗൗരവമായി എടുക്കാതെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: