കൊച്ചി: കസ്റ്റംസ് കൊച്ചി ആസ്ഥാനത്തിനും ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥരുടെ താമസ സ്ഥലങ്ങളിലും കേന്ദ്ര സേനയുടെ സായുധ സേനാ സുരക്ഷ അസാധാരണ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി. മുഖ്യമന്ത്രിയുടെ ഒാഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണ വേളയിലും പ്രതികളെ കൊണ്ടുപോകുന്ന കോടതിയിലും കേന്ദ്രത്തിന്റെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്.
സാധാരണ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയും അവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് ഓഫീസുകള്‍ക്കും ആവശ്യങ്ങള്‍ക്കും സിആര്‍പിഎഫുമാണ് നിയോഗിക്കപ്പെടാറ്. മറ്റ് സംസ്ഥാനങ്ങളില്‍ പതിവില്ലാത്ത തരത്തില്‍, കസ്റ്റംസ് ഓഫീസിന് പ്രത്യേക സായുധ സേനാ സുരക്ഷ ഒരുക്കിയത് പ്രത്യേക രഹസ്യ വിവരങ്ങളെ തുടര്‍ന്നാണ്. കസ്റ്റംസ് സ്പെഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്ഐഐബി), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ നല്കിയ വിവരങ്ങളും മുന്‍ അനുഭവങ്ങളും പരിഗണിച്ചാണിത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവാരം തിരുവനന്തപുരത്തും കൊച്ചിയിലും തമിഴ്നാട് കേന്ദ്രമാക്കിയ ഭീകര സംഘടനയുടെ ആക്രമണ സാധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്ത് 24ന് കേരളത്തിലേക്ക് ആറ് ലഷ്കര്‍ ഇ തൊയ്ബ ഭീകര സംഘടനാ പ്രവര്‍ത്തകര്‍ കടന്നിരിക്കുന്നുവെന്നും അവരില്‍ ഒരാള്‍ പാക്കിസ്ഥാനിയും മറ്റൊരാള്‍ മലയാളിയുമാണെന്നുവരെ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന തെരച്ചിലില്‍ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിം എന്നയാളെ ഒരു സ്ത്രീയോടൊപ്പം പിടിച്ചിരുന്നു. അന്ന് എന്‍ഐഎയും റഹിമിനെ ചോദ്യം ചെയ്തതാണ്. അയാളെ തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. ബെഹ്റിനില്നിന്നാണ് അയാള്‍ കേരളത്തിലെത്തിയത്.
2019 സെപ്തംബര്‍ ഒമ്പതിനും സുരക്ഷാ ഭീഷണി മുന്നറിയിപ്പുണ്ടായി. അന്ന് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ സുരക്ഷാ മുന്‍കരുതലിന് സൈന്യത്തിന്റെ അറിയിപ്പാണ് കിട്ടിയത്. സ്വര്ണക്കള്ളക്കടത്തുകേസിന് അന്താരാഷ്ട്ര ബന്ധങ്ങളാണുള്ളത്. ഭീകര പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കേസിലെ പ്രതികള്‍ക്കും അന്വേഷണ കേന്ദ്രങ്ങള്‍ക്കും നല്കാന് പ്രത്യേക നിര്‍ദേശ പ്രകാരമാണ് കേന്ദ്ര സേനാ സുരക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: