ചേര്‍ത്തല: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലം വൈകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സമ്പര്‍ക്ക പട്ടികയിലുള്പെട്ടതടക്കം 850 ഓളം പേരുടെ ഫലമാണ് വൈകുന്നത്. ആറു മുതല്‍ 20 ദിവസംവരെ മുന്‍പുള്ള ഫലങ്ങള്‍ നിര്‍ണായകമാണ്. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവിന്റെ വീട്ടിലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലെ 59 പേരുടെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. ഒന്‍പതിനാണ് ഇവരുടെ സ്രവം പരിശോധനക്ക് എടുത്തത്.
ചെല്ലാനം ഹാര്‍ബറുമായി ബന്ധപെട്ട അരൂക്കുറ്റി സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം തമിഴ്നാട്ടില്‍ നിന്നുമെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂര്‍ സ്വദേശിനിയുടെ സമ്പര്ക്കപട്ടികയിലുണ്ടായിുന്ന യുവാവിനും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക വ്യാപനം കണ്ടെത്താനായി മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ കണിച്ചുകുളങ്ങരയില്‍ 88 പേര്‍ക്ക് പരിശോധന നടത്തി. ഇതില്‍ 40 പേര്‍ക്ക് സ്രവ പരിശോധനയും 48 പേര്‍ക്കു ആന്റിജന്‍ പരിശോധനയുമാണ് നടത്തിയത്. ആന്റിജന്‍ പരിശോധന എല്ലാവര്ക്കും നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സന്നദ്ധ പ്രവര്ത്തകന് രോഗം സ്ഥിരീകരിച്ച പെരുമ്പളം ദ്വീപില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേരുടെയും ഫലം നെഗറ്റീവായത് ദ്വീപിനു താല്‍ക്കാലിക ആശ്വാസമായി. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായെങ്കിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ 263 ജീവനക്കാരുടെയും സ്രവമെടുപ്പ് പൂര്‍ത്തിയായി. 13 ജീവനക്കാര്‍ക്കു കോവിഡ്19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി അടച്ചിരിക്കുകയാണ്. സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായാലും വീണ്ടും പരിശോധന നടത്തിയ ശേഷമെ ആശുപത്രി തുറക്കുകയുള്ളു.
ആശുപത്രി ജീവനക്കാരുടെ സ്രവമെടുപ്പ് പൂര്‍ത്തിയായതോടെ താലൂക്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്രവമെടുപ്പ് ആശുപത്രിയില്‍ പുനരാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: