മുമ്പൊരു കാലം ഇല്ലാത്തവിധമുള്ള രാഷ്ട്രീയ-ഭരണ പ്രതിസന്ധിയിലാണ് ഇന്ന് കേരളം. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടില്ലായിരിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച കേസില്‍ അകപ്പെട്ട് റിമാണ്ടില്‍ കഴിയുന്നവര്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി നല്ല ബന്ധമെന്നാണ് വ്യക്തമായിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന് എന്ന് അറിയപ്പെടുന്ന എം. ശിവശങ്കര്‍ എന്ന ഐഎഎസുകാരന് സംശയത്തിന്റെ നിഴലിലായിട്ട് നാളേറെയായി. കഴിഞ്ഞ ദിവസം കസ്റ്റംസ് അദ്ദേഹത്തെ ഏതാണ്ട് പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അതുപോര എന്നാണ് ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത്. പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ നിരവധി. അതുകൊണ്ടുതന്നെ പ്രതികളുടെ മൊഴികളുമായി ഒത്തുനോക്കി വീണ്ടും ചോദ്യംചെയ്യുമെന്ന് അറിയിച്ചിട്ടുമുണ്ട്.
പ്രതികളില്‍ പ്രമുഖയായ സ്വപ്ന സുരേഷിന് വേണ്ടി സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് ഫഌറ്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരിലാണ് ശിവശങ്കറിന്റെ ഫഌറ്റിനോട് അടുത്തുള്ള ഫഌറ്റ് ബുക്ക് ചെയ്തത്. ഇരു ഫഌറ്റുകളിലും നിരവധി തവണ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ സന്ധിച്ചിട്ടുണ്ട്. ഇതില്‍ ശിവശങ്കറും പങ്കാളിയാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. സ്വപ്നയുമായി നിരവധി തവണ ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ദുബായിയില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 30.5 കിലോഗ്രാം സ്വര്‍ണം എത്തിയ ദിവസവും വിളിച്ചിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതിയുമായി ഫോണില്‍ ഒരുമണിക്കൂറോളം സംസാരിച്ചതായും തെളിഞ്ഞു. പ്രതി സരിത്തിന്റെ ഫോണ്‍ വഴി മറ്റാരെെങ്കിലുമായാണോ സംസാരിച്ചതെന്നതും തെളിയേണ്ടതുണ്ട്. പ്രതികള്‍ കേരളം വിടുന്നതിനു മുന്‍പും ശിവശങ്കറുമായി ആശയ വിനിമയം നടത്തിയതിന്റെ സൂചനകളും പുറത്തുവന്നു. ഇതിന്റെയെല്ലാം സാഹചര്യം നോക്കിയാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നയാള്‍ കളങ്കിതനാണോ എന്ന സംശയം ബലപ്പെടുമ്പോള്‍ മുഖ്യമന്ത്രിക്ക് കൈ മലര്‍ത്തി കയ്യൊഴിഞ്ഞ് നില്ക്കാന് കഴിയില്ല.
പിണറായി വിജയന് മന്ത്രിസഭയിലെ കടന്നപ്പള്ളി രാമചന്ദ്രനും കെ. കൃഷ്ണന് കുട്ടിയും എം.എം. മണിയും എ.സി. മൊയ്തീനും മേഴ്സിക്കുട്ടിയമ്മയും ഷൈലജ ടീച്ചറും ഒഴിച്ചുള്ള മന്ത്രിമാരില്‍ മിക്കവരും സ്വപ്നയുമായി പലവഴിക്ക് ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഒരുക്കുന്ന സല്‍ക്കാരത്തിലും ചടങ്ങുകളിലും പങ്കെടുത്തതായി ചിത്രങ്ങളും വീഡിയോകളും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ നിയമിച്ചിട്ടുള്ള എ.സമ്പത്ത്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവരും സ്വപ്നയുടെ സമ്പര്‍ക്കപട്ടികയിലാണ്. അതിനെയെല്ലാം വെല്ലുന്നവിധം മന്ത്രി കെ.ടി. ജലീല്‍ നടത്തിയത് കൈവിട്ട കളിയാണ്.
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രി ജലീല്‍ വിശദീകരിച്ചതെല്ലാം അസംബന്ധമാണ്. എന്തിനാണ് സ്വപ്നയെ നിരന്തരം വിളിച്ചതെന്ന ചോദ്യത്തിന് നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയില്‍ വിളിച്ചു എന്നു പറയുന്നു. ജലീല്‍ വിളിച്ച തീയതികളില്‍ സ്വപ്ന യുഎഇ കോണ്‍സിലേറ്റില്‍ ജോലി ചെയ്യുന്നില്ല. റംസാന് കിറ്റിന്റെ കാര്യം സംസാരിക്കാനാണെന്നതും വിശ്വസനീയമല്ല. സപ്ലൈകോയ്ക്കുള്ള കാശ് കിട്ടാനാണ് പലതവണ ഫോണില്‍ വിളിച്ചതെന്നതും വിശ്വസിക്കാനാവില്ല. കള്ളക്കടത്തും അതുവഴി ദേശദ്രോഹവും ലക്ഷ്യമിട്ടവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. ആത്മാഭിമാനവും ധാര്‍മികതയുമുണ്ടെങ്കില്‍ എത്രയും വേഗം ഭരണം മതിയാക്കുന്നതാണ് അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: