കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പുതിയ വാദവുമായി മുന്‍ വൈദികന് റോബിന് വടക്കുംചേരി. പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനായി രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നുമാണ് കൊട്ടിയൂര്‍ പീഡനക്കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഈ വൈദികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 20 വര്‍ഷത്തെ കഠിനതടവിനാണ് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കല്‍ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പെണ്‍കുട്ടിയെ കംപ്യൂട്ടര്‍ റൂമില്‍ വെച്ച് പലതവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. തലശേരി പോക്സോ കോടതി വിധിയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണനയില്‍ ഇരിക്കെയാണ് റോബിന് പുതിയ അപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് താല്‍ക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. . എന്നാല്‍, ഇയാളുടെ ആവശ്യത്തെ പ്രോസിക്യൂഷന് എതിര്‍ത്തിട്ടുണ്ട്. വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീല്‍ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അംബികാദേവി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: