മാരാരിക്കുളം: പ്രമുഖ സിപിഎം നേതാവ് ക്വാറന്റൈനിലായതോടെ ജനങ്ങള്‍ ആശങ്കയില്‍. സന്നദ്ധ സംഘടനയുടെ ഭാരവാഹികൂടിയായ ഈയാള് നാടൊട്ടുക്കും വീടുകളും, സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്നു. ഇതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.
ആഹാരവിതരണം, വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ തുടങ്ങി പൊതുജനങ്ങളുമായി നിരന്തരം ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ചേര്‍ത്തല താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലും ഇയാള്‍ ക്വാറന്റെനില്‍ പോകാന്‍ സന്നദ്ധമായില്ല.
ഒടുവില്‍ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ക്വാറന്റൈനില്‍ പോകാന്‍ തയാറായത്. താന്‍ സ്വയം ക്വാറന്റൈനിലാണെന്നും സ്രവം പരിശോധനയ്ക്ക് എടുത്തതായും ഇയാള്‍ സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചിരുന്നു.
കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ഭക്ഷണവിതരണം അടക്കം നടത്തിയതായി പ്രചാരണമുണ്ടായിരുന്നു.
ഇത്തരത്തില്‍ സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാന്‍ വലിയ പ്രചാരണം നടത്തിയ നേതാവ് തന്നെ പൊതുസമൂഹത്തില്‍ സാമൂഹിക അകലം പോലും പാലിക്കാതെ പ്രവര്‍ത്തിച്ചത് പാര്‍ട്ടിയിലും വിവാദമായിട്ടുണ്ട്. നേതാവിനെ അനുകൂലിച്ചും, എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പോരാട്ടം തുടരുകയാണ്. ഇയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവാണെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: