തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടില്‍ കൊണ്ടുപോയി ആക്കുകയായിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്. കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമ്മിഷ്ണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുനല്‍കാന്‍ അദ്ദേഹം പലരീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കസ്റ്റംസിന് സൂചന ലഭിച്ചു. സ്വര്‍ണം വിട്ടുകിട്ടുന്നതിനായി കാര്‍ഗോ കോംപ്ലക്സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് അറിയിച്ചാണ് ശിവശങ്കര്‍ ഇവരെ ഫോണ്‍ ചെയ്തിരുന്നത്.
അതേസമയം നാലുവര്‍ഷമായി സ്വപ്നയെ തനിക്ക് അറിയാം. പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരുടെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ ശിവശങ്കര്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ശിവശങ്കറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. മൊഴികള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രമേ അനന്തര നടപടികളുണ്ടാവൂ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ദിവസങ്ങളിലും നടപടികള്‍ ആവര്‍ത്തിച്ചേക്കും. അതിനിടെ ശിവശങ്കര്‍ വാടകയ്കെടുത്ത ഫ്ളാറ്റിന് സമീപത്തെ ഫ്ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ.ടി. ജലീലിനെയും പല ഉന്നതരേയും വിളിച്ചതായാണ് ഫോണ്‍കോള്‍ ലിസ്റ്റില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: