തിരുവനന്തപുരം: കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. ഇതിന്റെ മൂന്നാംഘട്ടമാണ് നാം നേരിടുന്നത്.
മലപ്പുറത്തും തിരുവനന്തപരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയായി. ഇവിടെ മാത്രമല്ല, ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുതല്‍ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നാണ് ഒരു വിലയിരുത്തല്‍.
ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വാഭാവികമായും ഒരു തളര്‍ച്ച ഉണ്ടാവുന്നുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീനമായ സമീപനം നാട്ടുകാരില്‍ ചിലരെങ്കിലും സ്വീകരിച്ചു വരുന്നുമുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവേണ്ടതുണ്ട്.
കോവിഡിന്റെ പകര്‍ച്ച വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം.
രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുക, രോഗികളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊരുക്കുക, സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടര്‍ന്നും മുന്‍ഗണന നല്‍കണം. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: