ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്ധന്, ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രിഗറി ആന്‍ഡ്രൂ ഹണ്ടുമായി ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഡിജിറ്റല്‍ ചര്‍ച്ച നടത്തി.
കോവിഡ് പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇരുവരും ചര്‍ച്ച നടത്തി.ആരോഗ്യം, ഔഷധം എന്നീ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും ആസ്ട്രേലിയയും കരാറില്‍ ഒപ്പുവച്ചിരുന്നു.
ഇരു രാഷ്ട്രങ്ങളും ഇനിയും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കിയ ഡോ ഹര്‍ഷ് വര്ധന്, വികസിത രാജ്യങ്ങളില്‍ വച്ച് ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ആസ്ട്രേലിയയെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വേഗതയില്‍ വളരുന്ന മേഖലയാണ് ആരോഗ്യമെന്നും, അടുത്ത 10 വര്‍ഷത്തില്‍ ഈ മേഖല 275 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത സമഗ്ര ആരോഗ്യ സംവിധാനമായ ആയുര്‍വേദവും യോഗയും, ഓസ്ട്രേലിയന്‍ ജനതയ്ക്കിടയിലെ അമിതവണ്ണവും അനുബന്ധരോഗങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഡോ ഹര്ഷവര്ധന് പറഞ്ഞു.
ലോകത്തെ 60% ഔഷധങ്ങളും വില കുറഞ്ഞ ജനറിക് മരുന്നുകളും വിതരണം ചെയ്യുന്നതില്‍ ഇന്ത്യയ്ക്കുള്ള വലിയ പങ്കിനെ, ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു. ജീനോമിക്സ്, സ്റ്റെം സെല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളില്‍, ഇന്ത്യയ്ക്ക്, ആസ്ട്രേലിയയെ എങ്ങനെ സഹായിക്കാനാകുമെന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു.
കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും ഇന്ത്യയുടെ ആരോഗ്യ സേവന സമൂഹത്തിന്റെ പങ്ക് വ്യക്തമാക്കിയ ഡോ ഹര്ഷവര്ധന്, മെഡിക്കല്‍ പ്രൊഫഷണലുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഗവേഷകര്‍ എന്നിവരുടെ സേവനം എടുത്തു പറഞ്ഞു. പുതിയ മരുന്ന് കണ്ടുപിടിക്കുന്നതിനും നിലവില്‍ മറ്റു രോഗങ്ങള്‍ക്കായുള്ള മരുന്ന് ഫലപ്രദമായി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തി വരുന്നുണ്ട്. ഗവേഷകര്‍, കോവിഡ് വൈറസിനെ വേര്‍തിരിച്ച് അതിന്റെ ജനിതക ഘടന പഠനവിധേയമാക്കുന്നുമുണ്ട്. ഇന്ത്യയിലെ ഔഷധ നിര്‍മ്മാതാക്കളാണ് 140 രാജ്യങ്ങളിലേയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റി അയയ്ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന് ഡോ ഹര്‍ഷ് വര്ധന് പറഞ്ഞു.
ആരോഗ്യം, മറ്റ് പൊതുതാല്പര്യമുള്ള വിഷയങ്ങള്‍ എന്നിവയില്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: