ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ഇന്നലെ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഞെട്ടലിലാണ്. പ്രതിരോധപ്രവര്ത്തനങ്ങളെല്ലാം വൃഥാവിലായോ എന്ന സംശയവും അവര്‍ പങ്കിടുന്നു. ഇവിടെ ഒരാഴ്ചയ്ക്കുള്ളില്‍ രോഗബാധിതരായവരുടെ എണ്ണം മുപ്പതായി.
ഇതിനിടെ തൊട്ടടുത്ത പഞ്ചായത്തായ പോരുവഴിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇന്നലെ ശൂരനാട് തെക്കും വടക്കും പഞ്ചായത്തുകളില്‍ ഒരോ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ഈ രണ്ടു പഞ്ചായത്തുകളിലും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനമായി.
ശൂരനാട് തെക്ക് കുമരംചിറ സ്വദേശിയായ അറുപത്തിയൊന്നുകാരന് രോഗം പകര്‍ന്നത് ആദ്യം രോഗബാധിതനായ മത്സ്യവ്യാപാരിയില്‍ നിന്നാണെന്ന് പറയുന്നു. ശൂരനാട് വടക്ക് അരീക്കല്‍ കലുങ്ങിന് സമീപം താമസിക്കുന്ന മീന്‍ വില്‍ക്കുന്ന ടെമ്പോഡ്രൈവറുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിവിധ ഹാര്‍ബറുകളില്‍ നിന്നും മീനെടുത്ത് വാഹനത്തില്‍ തന്നെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളും സംഘവും മത്സ്യക്കച്ചവടം നടത്തുന്നത്. എന്നാല്‍ കച്ചവടം ചെയ്യുന്നത് മറ്റ് രണ്ട് സഹായികളാണെന്നും ഇയാള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാറില്ലെന്നുമാണ് പോലീസ് പറയുന്നത്. ഇതിനാല്‍ വ്യാപനസാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
കുമരംചിറ സ്വദേശി ഒരാഴ്ച മുമ്പ് പനി ബാധിതനായതിനെ തുടര്‍ന്ന് മൈനാഗപ്പള്ളിയിലും ശൂരനാട് തെക്കുമുള്ള വിവിധ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായാണ് വിവരം. ഇതിനിടെ കണ്ടൈന്‍മെന്റ് സോണുകളില്‍ പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശനനിയന്ത്രണം തുടരുകയാണ്. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച പൈപ്പ് റോഡ് പൂര്‍ണമായും പോലീസ് അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: