പാലക്കാട്: എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എന്ന രണ്ടാംമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ജലജീവന്‍ മിഷന് ജില്ലയില്‍ മൂന്ന്ഘട്ടങ്ങളായി നടപ്പിലാക്കും.
ഒന്നാം ഘട്ടത്തില്‍ എട്ടു മാസത്തിനുള്ളില്‍ 61 ഗ്രാമപഞ്ചായത്തുകളിലായി കേരള വാട്ടര്‍ അതോറിറ്റിയില്‍ നിലവിലുള്ള 32 കുടിവെള്ള പദ്ധതികളില്‍ നിന്നും 83,598 ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 10383.70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
നിലവില്‍ കിഫ്ബി , നബാര്‍ഡ് സഹായത്തോടെ നടക്കുന്ന 16 സമഗ്ര കുടിവെള്ള പദ്ധതികളും ജലജീവന്‍ മിഷന് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 44 ഗ്രാമപഞ്ചായത്തുകളില്‍ 53340 ഗ്രാമീണ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനായി അതോറിറ്റി 44,140 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് 2020 – 2022 കാലയളവില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
മൂന്നാം ഘട്ടത്തില്‍ വാട്ടര്‍ അതോറിറ്റി സമഗ്ര ജില്ലാ പ്ലാനില്‍ വിഭാവനം ചെയ്ത 17 സമഗ്രകുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി 48 ഗ്രാമ പഞ്ചായത്തുകളിലെ 3,53,500 ഗ്രാമീണ ഗാര്‍ഹിക കണക്ഷനുകളാണ് 2024 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ മുഴുവന്‍ വീടുകളിലും 2024ത്തിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ജനപങ്കാളിത്തത്തോടെയും വാട്ടര്‍ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയുമാണ് ജല ജീവന് മിഷന് പദ്ധതി നടപ്പാക്കുക. ഇതിനായി
ധനനിക്ഷേപത്തിന്റെ 45 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ജലജീവന്‍ മിഷനിലൂടെ ലഭിക്കും. ബാക്കിവരുന്ന 45 ശതമാനം സംസ്ഥാന വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
പദ്ധതി നടപ്പാക്കുന്നതിന് ഈമാസം 20നകം ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി വിഹിതം നല്കാമെന്നുള്ള ധാരണാപത്രം ജലജീവന്‍ മിഷന് കൈമാറാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സൂം മീറ്റിങിലൂടെ യോഗത്തില്‍ പങ്കുചേര്‍ന്നു.
ഇതിനു മുന്നോടിയായി അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. എംഎല്‍എമാരായ പി. ഉണ്ണി, കെ. വി. വിജയദാസ് , കെ.ഡി. പ്രസേനന്‍ , കെ. ബാബു, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്് എഞ്ചിനീയര്‍ ജയചന്ദ്രന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: