ഇടുക്കി: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ഈ മാസം മാത്രം 97 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും അധികം പേര്‍ക്ക് അടുത്ത ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴി ആണ് രോഗം വന്നത്. രണ്ട് പേര് വിദേശത്ത് നിന്നും ഒരാള്‍ ന്യൂദല്‍ഹിയില്‍ നിന്ന് വന്നതുമാണ്. രണ്ട് ദിവസമായി ആര്‍ക്കും ഫലം നെഗറ്റീവായിട്ടില്ല.
ജില്ലയിലാകെ 211 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 18 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 91 പേര് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 17 പേര് തൊടുപുഴ ജില്ലാ ആശുപത്രിയിലും ആറുപേര്‍ മറ്റുജില്ലകളിലെ ആശുപത്രികളിലുമാണ്. ഇതര ജില്ലക്കാരായ മൂന്ന് പേര് ജില്ലയിലും ചികിത്സയിലുണ്ട്. അതേ സമയം ഇതുവരെ 93 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
1. കോടിക്കുളം സ്വദേശിയായ 32കാരന്. ജൂലൈ രണ്ടിന് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം വന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂലൈ ഒന്നിന് ന്യൂദല്‍ഹിയില്‍ നിന്ന്കൊച്ചിയിലെത്തിയ അടിമാലി സ്വദേശിയായ 26കാരന്. കൊച്ചിയില്‍ നിന്ന് മുട്ടത്തിന് ടാക്സിയിലെത്തി. മുട്ടത്ത് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
3. ജൂണ്‍ 28ന് ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ തൊടുപുഴ സ്വദേശിയായ 32കാരന്. കൊച്ചിയില്‍ നിന്ന് സ്വന്തം കാറില്‍ തൊടുപുഴയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
4. ജൂലൈ നാലിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശിയായ 26കാരന്. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
ജില്ലയിലാകെ വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുള്ളവര്‍ 5706 പേരാണ്. ആശുപത്രികളില്‍ 115 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ വരെ ആകെ 13,572 പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. 195 പേരുടെ പരിശോധനാ ഫലം ഇനി വരാനുണ്ട്. ഇന്നലെ 344 പേരുടെ പരിശോധനാഫലം ലഭിച്ചു. മെയ് മുതല്‍ ഇന്നലെ വരെ 18 പേര്‍ക്ക് കൊറോണ സമ്പര്‍ക്കം വഴി പകര്‍ന്നിട്ടുണ്ട്. ഇതേ കാലയളവില്‍ രോഗം ബാധിച്ചമറ്റ് 171 പേര് ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമെത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: