പൊന്‍കുന്നം: സൗകര്യങ്ങളെല്ലാമേര്പ്പെടുത്തി, രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങിയ സമയം. ഭയമായിരുന്നു ജീവനക്കാര്‍ക്കെല്ലാം. മുംബൈ ഭാട്ട്യാ ഹോസ്പിറ്റലില്‍ ഇതായിരുന്നു കൊവിഡ് ചികിത്സയുടെ തുടക്കത്തിലെ സ്ഥിതി. എന്നാല്‍, ഈ സ്ഥിതി മാറ്റി ഓരോ രോഗിയെയും സ്വന്തം കുടുംബാംഗമായി കണ്ട് പരിചരിക്കാന്‍ സഹപ്രവര്‍ത്തകരെ ഒപ്പം ചേര്‍ത്തത് മലയാളിയായ മെയില്‍ നഴ്സ്.
ആശങ്കയില്ലാതെ കൊവിഡ് പരിചരണ രംഗത്തേക്കെത്തി എല്ലാവരെയും പ്രചോദിപ്പിച്ച് കൂടെ നിര്‍ത്തിയത് തമ്പലക്കാട് കിഴക്കേപ്പറമ്പില്‍ കെ. ജയശങ്കര്‍. ഭാട്ട്യാ ആശുപത്രിയില്‍ ഏഴു വര്‍ഷമായി നഴ്സാണിദ്ദേഹം. ഇപ്പോള്‍ കൊവിഡ് ഐസിയുവിന്റെ ഇന്‍ചാര്‍ജ്. 52 ജീവനക്കാരുണ്ട്. അതില്‍ ഒരു ചീഫ് ഇന്റന്‍സിവിസ്റ്റും ഏഴ് ആര്എംഒമാരും.
ആദ്യഘട്ടം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. ഇതുമൂലം ആദ്യം തയാറായെത്തിയവരില് പലരും ഡ്യൂട്ടിക്ക് വരാന്‍ മടിച്ചു. അപ്പോള്‍ മലയാളികളായ സുഹൃത്തുക്കളെ ഒപ്പം നിര്‍ത്തി ജയശങ്കര്‍ മുന്നിട്ടിറങ്ങി. ഒരേയൊരു അഭ്യര്‍ഥന മാത്രമായിരുന്നു ജയശങ്കറിന്. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ ഈ രോഗത്തിന് ഇരയായാല്‍ നാമെന്തു ചെയ്യും. ഒരു മടിയുമില്ലാതെ അവരെ, സ്വന്തം ജീവന് വില കല്‍പ്പിക്കാതെ പരിചരിക്കില്ലേ. ആ മനോഭാവത്തോടെ നമുക്ക് അണിചേരാം. ഇതോടെ, മലയാളി ജീവനക്കാര്‍ ജോലി ചെയ്യുന്നതുകണ്ട് മറ്റുള്ളവരും എത്തിത്തുടങ്ങി.
തുടര്‍ന്ന് ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രി ജീവനക്കാര്‍ക്ക് മോട്ടിവേഷന്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം പിടിപെട്ടതോടെ അവരുടെ വീട്ടുകാരും പരിഭ്രാന്തരായി. അതോടെ ബന്ധുക്കള്‍ക്കും കൗണ്‍സിലിങ് നല്കാന് തുടങ്ങി. കൗണ്‍സിലിങ്ങിന് തിരുവല്ല സ്വദേശിയായ ജെറിയും ഒപ്പമുണ്ട്.
ആശുപത്രിയില്‍ തുടര്‍ച്ചയായി ഏഴു ദിവസം ആറ് മണിക്കൂര്‍ വീതം ഡ്യൂട്ടിയാണ്. രോഗികള്‍ക്ക് വീടുമായുള്ള ബന്ധമില്ലാതെ വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്വന്തം മക്കളെ കാണുന്നതുപോലെ ഞങ്ങളേയും കാണൂ എന്ന ആശ്വാസ വാക്കുകള്‍ നല്കി രോഗികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. വീഡിയോ കോളിലൂടെ ബന്ധുക്കളുമായി സംസാരിക്കാനുള്ള അവസരം നല്‍കുന്നുമുണ്ട്. ഇത് രോഗികള്‍ക്ക് ആശ്വാസം പകരുന്നു.
പിപിഇ കിറ്റുകള്‍ ധരിച്ച് ഡ്യൂട്ടി ചെയ്യുന്നതുമൂലം രോഗികള്‍ക്ക് പരിചരിക്കുന്നവരുമായി മുഖപരിചയം ഉണ്ടാകുന്നില്ലെന്ന് ജയശങ്കര്‍ പറയുന്നു. ജയശങ്കറിന്റെ ഭാര്യ റോഷിണി ജയശങ്കറും മുംബൈ ആശുപത്രിയില്‍ നേഴ്സാണ്. ഗര്‍ഭിണിയായതിനാല്‍ ആശുപത്രി മാനേജ്മെന്റ് അവധി നല്കി. ഇപ്പോള്‍ മുംബെയില്‍ ജയശങ്കറിനൊപ്പമുണ്ട്. ദിവസവും വീട്ടിലെത്തുമ്പോള്‍ ഭാര്യയുടെ സുരക്ഷയും ശ്രദ്ധിക്കേണ്ടിവരുന്നു. രോഗപ്രതിരോധ ശേഷി നല്കുന്ന ഭക്ഷണക്രമമാണ് സ്വീകരിക്കുന്നതെന്ന് ജയശങ്കര്‍ പറയുന്നു. വടശ്ശേരിക്കര സ്വദേശി ബ്ലസണ്‍ തോമസ്, കോഴഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ജുബിന്‍ എന്നിവര്‍ എല്ലാ സഹായവുമായി ജയശങ്കറിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: