കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ക്കടകം ഒന്നുമുതല്‍ സുഖചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍.
കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും ചികിത്സ. വിദേശത്തുനിന്നും എത്തിയവര്‍ക്ക് നിരീക്ഷണകാലാവധി കഴിഞ്ഞശേഷം മാത്രമേ ചികിത്സ നല്‍കൂ. കോവിഡിനെ തുടര്‍ന്ന് വിദേശികള്‍ എത്താതായതോടെ ലക്ഷങ്ങള്‍ വരുമാനമുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ വറുതിയിലാണ്. കര്‍ക്കടകമാസത്തെ സംസ്ഥാനത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഒരു വര്‍ഷത്തേക്കുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് കര്ക്കടകസുഖചികിത്സയിലൂടെ ലക്ഷ്യമാക്കുന്നത്. പ്രത്യേകിച്ച് രോഗമില്ലാത്തവര്‍ക്കും രോഗമുള്ളവര്‍ക്കും പരിശോധനയുടെ ഭാഗമായി ചികിത്സാരീതി വ്യത്യസ്തമാണ്. പ്രധാനമായും പഥ്യാഹാരവും മനുഷ്യശരീരത്തെ നിലനിര്‍ത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
വിരേചനം, വസ്തി, കിഴി, ധാര, പിഴിച്ചില്‍ തുടങ്ങിയവയാണ് ചികിത്സാരീതി. ഔഷധക്കൂട്ടുകളനുസരിച്ച് ആയിരം രൂപ മുതലാണ് ചികിത്സാച്ചെലവ്. ഏഴ്, 14, 21 ദിവസങ്ങളായുള്ള പാക്കേജുകളായാണ് ചികിത്സ നടത്തിവരുന്നത്. ഒപ്പം തന്നെ ഔഷധക്കഞ്ഞിയും ആശുപത്രികളില്‍ വിതരണം ചെയ്യുന്നുണ്ട്.
ഔഷധക്കഞ്ഞിക്കായി ഉപയോഗിക്കുന്നത് ഞവര അരിയാണ്. ഔഷധക്കഞ്ഞി കൂട്ടില്‍ 30 ആയുര്‍വേദ ഔഷധങ്ങള്‍ അടങ്ങിയിട്ടുണ്ട്. കരിങ്കുറിഞ്ഞി, അരിയാറ്, പുത്തരിച്ചുണ്ട, വേര്, ചുക്ക്, കുറുന്തോട്ടി വേര്, അയമോദകം, ആശാളി, ജീരകം, ഉലുവ, മഞ്ഞള്‍ എന്നിവയാണ് പ്രധാനം. തഴുതാമ, കയ്യോന്നി, മുയല് ചെവിയന്‍, വിഷ്ണുക്രാന്തി, തിരുതാളി, മുക്കുറ്റി തുടങ്ങിയവും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്. ഇത് പാക്കറ്റുകളിലാക്കി നിരവധി കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: