ന്യൂദല്‍ഹി: പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാടത്തിനൊടുവിൽ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി. ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറിയ സുപ്രീംകോടതി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്നും ഉത്തരവിട്ടു.
ക്ഷേത്രത്തിന്റെ ഭരണത്തിനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം കോടതി അംഗീകരിച്ചു. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താല്‍ക്കാലിക സമിതി ഭരണം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കല്‍, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബര്‍ 18ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടി.പി. സുന്ദരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ അടക്കം മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയില്‍ സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന് എ, ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി വിധിച്ചത്.
പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. മതേതര സര്‍ക്കാരിനു ക്ഷേത്ര നടത്തിപ്പു സാധ്യമല്ലാത്തതിനാല്‍ ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ ട്രസ്‌റ്റോ നിയമാനുസൃത സമിതിയോ സ്ഥാപിച്ചു ഭരണം നടത്തണമെന്നും ഹൈ്‌ക്കോടതി നിര്‍ദേശിച്ചിരുന്നു.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെയും പിന്‍മുറക്കാരെയും ‘പത്മനാഭ ദാസന്‍’ എന്ന നിലയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിര്‍മിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കള്‍ ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: