കൊച്ചി: രാജ്യാന്തര ശ്രദ്ധ നേടിയ സ്വര്‍ണക്കടത്ത് കേസില്‍ നാണക്കേടിലായി കേരളാ പോലീസ്. പ്രധാന പ്രതികളായ സ്വപ്നയെയും സന്ദീപിനെയും, അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ എന്‍ഐഎ പിടിച്ചതോടെ പോലീസിന്റെ വീഴ്ച സംശയനിഴലിലായി. ഒരാഴ്ചയോളം ഒളിവില്‍ കഴിഞ്ഞിട്ടും പ്രതികളെ സംബന്ധിച്ച് സൂചന പോലും പോലീസിന് നല്കാന് കഴിഞ്ഞിരുന്നില്ല. അറിഞ്ഞുകൊണ്ടുള്ള അലംഭാവമെന്നാണ് പോലീസിനെതിരെ ഉയരുന്ന വിമര്‍ശനം.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കിയപ്പോഴാണ് പ്രതികള്‍ ജില്ല വിട്ടതെന്നതിനാല്‍ സര്‍ക്കാരിനൊപ്പം പോലീസും പ്രതിക്കൂട്ടിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഈ നിലയില്‍ പ്രതികരണവുമായി രംഗത്തെത്തി. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റക്കുള്പ്പെടെ സ്വപ്നയുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ട്രിപ്പിള്‍ ലോക്ഡൗണില്‍ പ്രതികള്‍ രക്ഷപ്പെട്ടതില്‍ സ്വാഭാവികമായും പോലീസിന് നേര്‍ക്കും സംശയമുന നീളുകയാണ്.
പ്രതികളുടെ പോലീസ് ബന്ധം പുറത്തുവരുന്നതിനിടെയാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ബെഹ്റ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഇവര്‍ കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനം നടത്തുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും വ്യക്തമാക്കി. പത്രക്കുറിപ്പിറക്കി അരമണിക്കൂര്‍ തികയുന്നതിന് മുന്‍പ് പ്രതികള്‍ എന്‍ഐഎ കസ്റ്റഡിയിലായി. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം പരിഹാസമുയര്‍ന്നു. വിശ്വാസ്യത നഷ്ടപ്പെട്ട കേരളാ പോലീസിനെ ഇരുട്ടത്ത് നിര്‍ത്തിയായിരുന്നു എന്‍ഐഎയുടെ ഓപ്പറേഷന്.
ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളക്കാണ് കേസിന്റെ ചുമതല. അദ്ദേഹം കളിയിക്കാവിള വെടിവപ്പു കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. സ്വപ്ന ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന് മുന്‍പ് എന്‍ഐഎ അറസ്റ്റിന് നീങ്ങില്ലെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ അതിവേഗത്തില്‍ നീങ്ങിയ എന്‍ഐഎ പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു.
പോലീസിനെ അത്ഭുതപ്പെടുത്തി, ഒട്ടും കാക്കാതെ തലവനില്ലാതെ തന്നെ പ്രതികളെ പൊക്കുകയും ചെയ്തു. പോലീസിന് മുഖം നഷ്ടമായപ്പോള്‍ കേരളം മുഴുവന്‍ ഇന്നലെ എന്ഐഎക്കൊപ്പമായിരുന്നു. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ ഉടനടി അറസ്റ്റ് ചെയ്ത എന്‍ഐഎയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് യുവസംഘടനകളും രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: