മലപ്പുറം: കൊറോണ തീവ്രബാധിത മേഖലയായ തിരുവനന്തപുരം പൂന്തുറയില്‍ നിന്നടക്കമുള്ള പോലീസുകാരെ പരിശീലനത്തിനെത്തിക്കുന്നതിനെതിരെ മലപ്പുറം കോഴിച്ചെന ആര്‍ആര്‍ആര്‍എഫ് ക്യാമ്പിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. 120 ഓളം പേരോടാണ് നാളെ മുതല്‍ പരിശീലനത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെ പലരും ഹോം ക്വാറന്റീനിലുമായിരുന്നു. ഇതോടെ ഇവരെ മറ്റിടങ്ങളിലേക്ക് വിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇത്രയുമധികം ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യം കോഴിച്ചെന ക്യാമ്പിലില്ലെന്നാണ് ക്യാമ്പ് അധികൃതര്‍ തന്നെ പറയുന്നത്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് എല്ലാവരോടും ക്യാമ്പിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് ആശങ്കയ്‌ക്കു ഇടവരുത്തുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ക്യാമ്പിലേക്കു മാര്‍ച്ച് നടത്തി. തെന്നല, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളുടെ മധ്യത്തിലായാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പോലീസുകാര്‍ പരിശീലനത്തിനു വരുന്നതെന്നും നാട്ടുകാരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്താന്‍ തയാറാണെന്നും ആര്‍ആര്‍ആര്‍ ക്യാമ്പ് കമാന്‍ഡാന്റ് നവനീത് ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: