തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് പൂന്തുറയില്‍ ഇന്നലെ തെരുവിലിറങ്ങി പ്രതിഷേധിച്ച നാട്ടുകാര്‍.
ഒന്നുകില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ നിയന്ത്രണ വിധേയമായി പ്രദേശവാസികളെ അനുവദിക്കണം അല്ലെങ്കില്‍ പ്രദേശത്ത് ആവശ്യം വേണ്ട സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചു നല്‍കണം, എന്ന ആവശ്യം ഉന്നയിച്ചാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ കൊറോണ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് തെരുവിലിറങ്ങി ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞത്.
ഏഴ് റേഷന്‍ കടകളാണ് പ്രദേശത്തുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചതോടെ രണ്ട് റേഷന്‍ കടകള്‍ മാത്രമാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത തിരക്കാണ് ഇവിടെയുള്ളത്.
മുപ്പതിനായിരത്തോളം കുടുംബങ്ങളാണ് പൂന്തുറയിലും പരിസര പ്രദേശങ്ങളിലും കഴിയുന്നത്. കൊറോണ നിയന്ത്രണത്തില്‍ പുറത്തേയ്ക്കുള്ള വഴികള്‍ അടച്ചതും പോലീസിന്റെ കര്‍ശന നിയന്ത്രണവും പ്രദേശവാസികളെ കൂട്ടിലടച്ച നിലയിലാണ്. നിയന്ത്രണം കാരണം പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. മിക്ക വീടുകളും പട്ടിണിയുടെ വക്കിലാണ്. സര്‍ക്കാരിന്റെ അരിയും ഗോതമ്പും കിട്ടിയതുകൊണ്ടുമാത്രം ഒരു വീട് കഴിയില്ലായെന്നും പ്രദേശവാസികള്‍ പറയുന്നത്.
പ്രതിഷേധം ശക്തമായതോടെ ഈ പ്രദേശത്തെ കടകള്‍ക്ക് വൈകിട്ട് അഞ്ച് മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നും മത്സ്യബന്ധനത്തിന് പോയി അവര്‍ക്ക് ആവശ്യമുള്ള മത്സ്യം പിടിച്ചിട്ട് ബാക്കി മത്സ്യഫെഡിന് നല്‍കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: