തൃശൂര്‍: ചാവക്കാട് നഗരസഭയിലെ മടേക്കടവില്‍ തെരുവുവിളക്കുകളില്‍ പുതുതായി എല്‍ഇഡി ലൈറ്റുകളുടെ ഉദ്ഘാടനത്തിന്റെ പേരില്‍ നാടിനെ ഇരുട്ടിലാക്കിയതായി പരാതി. ഇന്നലെ ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ബള്‍ബുകള്‍ നേരത്തെ കത്താതിരിക്കാന്‍ ഫ്യൂസ് ഊരി മാറ്റിയതായാണ് ആരോപണം.
കെഎസ്ഇബിയില്‍ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെത്തിയപ്പോഴാണ് ഫ്യൂസ് ഊരിമാറ്റിയതായി കാണുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലൈന്മാന് ഫ്യൂസ് കെട്ടുകയും തെരുവ് വിളക്കുകള്‍ പ്രകാശിക്കുകയും ചെയ്തു. എന്നാല്‍ അര മണിക്കൂറിന് ശേഷം വീണ്ടും ബള്‍ബുകള്‍ അണക്കുകയായിരുന്നു.
കെഎസ്ഇബിയിലേക്ക് വിളിച്ചന്വേഷിച്ചവര്ക്ക് കിട്ടിയ ഉത്തരം, ചാവക്കാട് നഗരസഭ ചെയര്മാന് എന്‍.കെ.അക്ബര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലൈറ്റുകള്‍ ഓഫാക്കിയതെന്നായിരുന്നു. കാര്യം അന്വേഷിച്ച ബിജെപി പ്രവര്‍ത്തകരോട് സിപിഎം വാര്‍ഡ് കൗണ്‍സിലറും പ്രവര്‍ത്തകരും തട്ടിക്കയറി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ലൈറ്റുകള്‍ ഓണ്‍ചെയ്യാന്‍ തയ്യാറായില്ല. എംഎല്‍എയുടെയും സിപിഎം പ്രവര്‍ത്തകരുടെയും നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു.
പൊതുമുതല്‍ കയ്യേറുകയും പോലീസിനെ ആക്രമിക്കാന്‍ മുതിരുകയും ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, നിയോജകമണ്ഡലം കമ്മിറ്റിയംഗം അന്മോല് മോത്തി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. ഉദ്ഘാടനത്തിന്റെ പേരില്‍ ചാവക്കാട് നഗരസഭയെ ഇരുട്ടിലാക്കിയത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു. ഫ്യൂസുകള്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ കൊണ്ടുപോയതിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: