തൃശൂര്‍: 2016 മാര്‍ച്ച് മൂന്നിനായിരുന്നു നാടിനെ ഞെട്ടിച്ച അയ്യന്തോള്‍ ഫ്ളാറ്റ് കൊല നടന്നത്. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ഷൊര്‍ണൂര്‍ സ്വദേശി സതീശന് ജോലി ഉപേക്ഷിച്ചിരുന്നതിനാല്‍ മറ്റൊരു ജോലിക്കുള്ള അന്വേഷണത്തിലായിരുന്നു. തിരു-കൊച്ചി ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് സതീശന് ഉറപ്പു നല്കിയ സുഹൃത്ത് റഷീദ് കൊടൈക്കനാലിലെ ഡിജെ പാര്‍ട്ടിക്കുശേഷം കാമുകി ശാശ്വതിയുമൊന്നിച്ച് അയ്യന്തോളിലെ പഞ്ചിക്കലിലെ ഫ്ളാറ്റിലെത്തുകയായിരുന്നു. അടുത്ത ദിവസം ജോലി ശരിയാക്കാമെന്നും പണം എത്തിക്കണമെന്നും റഷീദ് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ പോയി പണവുമായി സതീശന് തിരിച്ച് ഫ്ളാറ്റിലെത്തി. ഫ്ളാറ്റ് അധോലോക കേന്ദ്രമാണെന്ന് മനസിലാക്കിയ സതീശന് ഈ വിവരം മറ്റൊരു സുഹൃത്തിനെ ഫോണില്‍ അറിയിച്ചു.
പിന്നീട് സതീഷിന്റെ ഫോണില്‍ സുഹൃത്ത് വിളിക്കുമ്പോഴെല്ലാം റഷീദാണ് ഫോണെടുത്തത്. ഫ്ളാറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സതീഷ് എന്തെല്ലാം പറഞ്ഞുവെന്ന് ഫോണ്‍ ചെയ്യുമ്പോഴെല്ലാം സുഹൃത്തിനോട് റഷീദ് ചോദിച്ചിരുന്നു. ഫ്ളാറ്റില്‍ നടക്കുന്ന രഹസ്യങ്ങള്‍ ചോര്‍ന്നുവെന്ന ധാരണയില്‍ സതീശനെ വെള്ളവും ഭക്ഷണവും നല്‍കാതെ രണ്ടു ദിവസം ബാത്ത്റൂമില്‍ പൂട്ടിയിട്ടു. സതീഷിനെ നിരീക്ഷിക്കാന്‍ ഒന്നാം പ്രതി കൃഷ്ണപ്രസാദിനെ റഷീദ് ഏര്‍പ്പാടാക്കി. പിന്നീട് റഷീദിന്റെ നിര്‍ദ്ദേശപ്രകാരം ശാശ്വതിയും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ ബാത്ത്റൂമില്‍ നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചു.
ഭക്ഷണവും വെള്ളവും നല്കാതെയുള്ള ക്രൂരമായ മര്‍ദ്ദനമുറകളെ തുടര്‍ന്ന് സതീശന് മരിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. റഷീദിന് കുഴല്‍പ്പണ ഇടപാടുണ്ടെന്നും പിടിച്ചുപറി, ക്വട്ടേഷന്‍ എന്നിവ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലുള്ള തിരു-കൊച്ചി സഹകരണ ബാങ്കില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ റഷീദ് തട്ടിയെടുത്തിട്ടുണ്ടെന്നും തെളിഞ്ഞു. സതീശനെ പൂട്ടിയിട്ട സമയം കോണ്‍ഗ്രസ് നേതാവായ എം.ആര്. രാംദാസ് ഫ്ളാറ്റിലുണ്ടായിരുന്നു. അന്വേഷണം വഴി തെറ്റിക്കാന്‍ രാംദാസ് പോലീസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: