മുഖത്തല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധീനതയിലുള്ള കണ്ണനല്ലൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി കെട്ടിത്തിരിക്കാന്‍ ആരംഭിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്തര്‍ വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടങ്ങളുടെ ഫലമായാണ് ഇത്.
കളക്ടറുടെയും ആര്‍ഡിഒയുടെയും റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്കുശേഷം ക്ഷേത്രഭൂമിയില്‍ ഫെന്‍സിങ് നിര്‍മ്മാണം ആരംഭിച്ചു. ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേഷ്ബാബു, സുനിത് ദാസ് മോഹനന്‍ മുഖത്തല, കണ്ടച്ചിറ മോഹനന്‍, അരുണ്‍ കൃഷ്ണന്‍, ചന്ദ്രമോഹന്‍ നായര്‍, കൊല്ലം അസി.ദേവസ്വം കമ്മീഷണര്‍ സുനില്‍ കുമാര്‍, മുഖത്തല ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ രാധിക, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ സുബാഷ്‌കുമാര്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫെന്‍സിങ്ങ് നടക്കുന്നത്.
ഹൈക്കോടതി ഉത്തരവോടെ ജൂലൈ 6ന് ക്ഷേത്രഭൂമി കെട്ടിത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ പഞ്ചായത്ത് രംഗത്തെത്തിയതോടെ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടറും എല്‍ആര്‍ തഹസില്‍ദാരും സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയും 7ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും ചെയ്തു. പത്തോളം സര്‍വെയര്‍മാരും തൃക്കോവില്‍വട്ടം വില്ലേജ് ഓഫീസറും എല്‍.ആര്‍. തഹസില്‍ദാരൊടൊപ്പം ഉണ്ടായിരുന്നു.
ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്രഭൂമി നിശ്ചയിച്ചുള്ള മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും ഉത്തരവിനെതിരെ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തിലാണ് വികസനത്തിന്റെ പേരില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമം പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക