ശാസ്താംകോട്ട: കോവിഡ് ബാധിതനായ ഒരാളില്‍നിന്നും ഇന്നലെ 17 പേരിലേക്ക് രോഗം ബാധിച്ചതോടെ ശാസ്താംകോട്ടയില്‍ ഭീതിയും ആശങ്കയും വര്‍ധിച്ചു. രോഗവ്യാപനം നിയന്ത്രണാതീതമായതോടെ പഴുതടച്ച നിയന്ത്രണങ്ങളും നടപടികളുമായി പോലീസും ആരോഗ്യ പ്രവര്‍ത്തകരും രംഗത്ത്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘം ശാസ്താംകോട്ടയിലെത്തി. രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സംശയിക്കുന്ന ആഞ്ഞിലിമൂട് മാര്‍ക്കറ്റും മത്സ്യവ്യാപാരിയുടെ യാത്രാവിവരവും ക്രോഡീകരിച്ച് മെഡിക്കല്‍ കോളേജ് ടീം ഇന്ന് റൂട്ട് മാപ്പ് തയ്യാറാക്കും.
ആദ്യദിവസങ്ങളില്‍ മത്സ്യവ്യാപാരിയുടെ ബന്ധുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് രോഗബാധയുണ്ടായത് ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ ഇറച്ചിവില്പ്പനക്കാരനും പപ്പടവില്പ്പനക്കാരിക്കും അടക്കമുള്ളവര്‍ക്കാണ്. ഇതാണ് പൊതുവില്‍ ഭീതിയുണ്ടാക്കുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വന്‍തിരക്കുണ്ടാകുന്ന ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ ആയിരത്തിലധികം പേര് ഒരുദിവസം വന്നു പോകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോക്ഡൗണ്‍ സമയത്ത് അടച്ചിട്ട മാര്‍ക്കറ്റ് ഒന്നര മാസം മുന്‍പ് പഞ്ചായത്ത് തുറന്നു കൊടുക്കുകയായിരുന്നു. മാര്‍ക്കറ്റിലെ തിരക്ക് അപകടകരമാണെന്ന് ‘ജന്മഭൂമി’ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എന്തെങ്കിലും നടപടികളോ നിയന്ത്രണങ്ങളോ സ്വീകരിക്കാന്‍ പോലീസോ പഞ്ചായത്ത് അധികൃതരോ തയ്യാറാകാതിരുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ രണ്ടുദിവസമായി നടത്തിയ ആന്റീ ബോഡി പരിശോധനയില്‍ ആഞ്ഞിലിമൂട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പ്രദേശങ്ങളില്‍ നിന്നും മുന്നൂറിലധികം പേര് പങ്കെടുത്തു.
പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നൂറിലധികം പേരില്‍ നിന്നും പരിശോധനക്കായി സ്രവം എടുത്തു. പോലീസ് നടപടി കടുപ്പിച്ചതോടെ ശാസ്താംകോട്ടയിലേക്കുള്ള ഇടവഴികള്‍ എല്ലാം അടച്ചു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിയ ഡോ.വിന്‍സി, ഡോ. പ്രതിഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശാസ്താംകോട്ടയില്‍ ക്യാംപ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: