തിരുവനന്തപുരം: തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറി ഇറങ്ങിയത് നിരവധി തവണ. ഇവര്‍ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴും ഐടി വകുപ്പിനു കീഴില്‍ ജീവനക്കാരി ആയിരുന്നപ്പോഴും നോര്ത്തബ്ലോക്കിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു എന്ന് എന്‍ഐഎ കണ്ടെത്തി. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇവര്‍ക്കൊപ്പം ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായി നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ നിരവധി തവണ പിണറായിയുടെ ഓഫിസില്‍ എത്തിയത്. എന്നാല്‍, സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന ദുബായ് വ്യവസായിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സന്ദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്. ഒപ്പം, അടുത്തിടെ സ്വപ്ന സെക്രട്ടേറിയറ്റില്‍ നടത്തിയ മറ്റു സന്ദര്‍ശനങ്ങളുടെ ദൃശ്യങ്ങളും എന്‍ഐഎ പരിശോധിക്കും.
വിദേശത്തു നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം കടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്നു കണ്ടെത്തി, യുഎപിഎ ചുമത്തിയാണ് എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്വര്‍ണക്കടത്ത് കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണമെത്തിച്ചത് ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കാനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു.
പി.എസ്. സരിത്ത്, സ്വപ്ന പ്രഭ സുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഫാസില്‍ കസ്റ്റംസിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പി .ആര് സരിത്താണ് ഒന്നാം പ്രതി. സ്വപ്ന രണ്ടാം പ്രതിയും. ഫാസില്‍ ഫരീദ് മൂന്നാം പ്രതി, സന്ദീപ് നായരാണ് നാലാം പ്രതി. ഫാസിലിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.
ഈ മാസം അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 14.82 കോടി രൂപ മൂല്യമുള്ള മുപ്പതു കിലോ സ്വര്‍ണം കടത്തിയ സംഭവം രാജ്യസുരക്ഷയ്ക്കും സുഹൃദ് രാജ്യവുമായുള്ള ബന്ധത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള യുഎപിഎയിലെ 16,17, 18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയുമാണ് ഈ വകുപ്പില്‍ പ്രതിപാദിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിന് ദേശീയ-അന്തര്‍ദ്ദേശീയ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുഎപിഎ നിയമത്തിലെ 15 വകുപ്പ് പ്രകാരം പ്രകാരം സ്വര്‍ണക്കടത്തിനെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിയന്ന കരാര്‍ പ്രകാരം പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. യുഎഇ കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി നേരത്തെ ജോലി ചെയ്തിരുന്ന പിഎസ് സരിത്ത് ഏറ്റെടുക്കേണ്ടതായിരുന്നു ബാഗേജ്. ഇയാള്‍ മുന്‍പും ഇങ്ങനെ പല കുറി ബാഗേജുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: