അമ്പലപ്പുഴ: ചവറ കെഎംഎംഎല്ലില്‍ ജീവനക്കാര്‍ക്ക് കോവിഡ്. തോട്ടപ്പള്ളിയിലെ മണലെടുപ്പ് നിര്‍ത്തിവച്ചു. ഇതിനെ തുടര്‍ന്ന് സമര സമിതി നടത്തിവന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം അവസാനിപ്പിച്ചു.
കോവിഡിനെ തുടര്‍ന്ന് കെഎംഎംഎല്ലിലെ 107 ജീവനക്കാര്‍ ക്വാറന്റെനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപന ആശങ്ക മൂലം ജില്ലയുടെ തീര പ്രദേശത്ത് മത്സ്യ ബന്ധനവും വിപണനവും ആള്‍ക്കൂട്ടവും നിരോധിച്ച ജില്ലാ ഭരണകൂടം തോട്ടപ്പള്ളിയിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്നു നടിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.
ഇതിനിടെ തോട്ടപ്പള്ളിയില്‍ നാട്ടുകാര്‍ മണല്‍ ലോറി തടഞ്ഞത് സംഘര്‍ഷത്തിനു കാരണമായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പി. നിജി, പി. ആരോമല്‍, സമര സമിതി ഭാരവാഹിയായ ടി.എ. ഹാമിദ് എന്നിവര്‍ക്ക് ലോറി ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റു.
ഉച്ചയോടെ തോട്ടപ്പള്ളിയിലെത്തിയ കളക്ടര്‍ എ. അലക്സാണ്ടര്‍ മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സമരസമിതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ 42 ദിവസമായി തുടര്‍ന്നു വന്ന സമരം അവസാനിപ്പിച്ചു.
മണല്‍ കൊണ്ടുപോകാനായി ഏര്‍പ്പെടുത്തിയിരുന്ന ലോറികളും ഇവിടെനിന്ന് നീക്കം ചെയ്തു. ഉറപ്പ് ലംഘിച്ച് മണലെടുപ്പ് പുനരാരംഭിച്ചാല്‍ സമരം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: