ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പുത്തന്‍ ചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ മൂന്നോ അതില്‍ കൂടുതലോ ഗോളുകള്‍ക്ക് വിജയിക്കുന്ന ആദ്യ ടീമായി. നേരത്തെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ യുണൈറ്റഡ് 5-2 ന് ബേണ്‍മൗത്തിനെയും 3-0 ന്് ബ്രൈട്ടണെയും 3-0 ന്് ഷെഫീല്‍ഡ് യുണൈറ്റഡിനെയും പരാജയപ്പെടുത്തിയിരുന്നു.
ബ്രൂണോ ഫെര്‍ണാണ്ടസ്, മേസണ്‍ ഗ്രീന്‍വുഡ്, പോള്‍ പോഗ്ബ എന്നിവരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് ഫ്രഞ്ച് താരമായ പോള്‍ പോഗ്ബ ഗോള്‍ നേടുന്നത്.
ആസ്റ്റ്ണ്‍ വില്ലയെ തോല്‍പ്പിച്ചതോടെ എല്ലാ ലീഗിലുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി പരാജയമറിയാതെ പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇരുപത്തിയേഴാം മിനിറ്റില്‍ യുണൈറ്റഡ് മുന്നിലെത്തി. വിവാദമായ പെനാല്‍റ്റി ഗോളാക്കി ബ്രൂണോ ഫെര്‍ണാണ്ടസാണ് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ അവര്‍ രണ്ടാം ഗോളും കുറിച്ചു. മേസണ്‍ ഗ്രീന്‍വുഡാണ് ഗോള്‍ അടിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഗ്രീന്‍വുഡിന്റെ നാലാം ഗോളാണിത്.
ഇടവേളയ്ക്ക് യുണൈറ്റഡ് 2-0 ന് മുന്നിട്ടുനിന്നു. ഫ്രഞ്ച് താരമായ പോള്‍ പോഗ്ബ അമ്പത്തിയെട്ടാം മിനിറ്റില്‍ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടി. ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് പോള്‍ പോഗ്ബ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മാസത്തില്‍ പോള്‍ പോഗ്ബ നേടുത്ത ആദ്യ ഗോളാണിത്.
ഈ വിജയത്തോടെ യുണൈറ്റഡ് 34 മത്സരങ്ങളില്‍ 58 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: