ലഖ്നൗ: കൊറോണ പ്രതിരോധത്തില്‍ മാതൃകയായി ഉത്തര്‍പ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യുപിയില്‍ 23.15 കോടി ജനങ്ങളുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ ചേര്‍ത്തുവച്ചാല്‍ പോലും ഉത്തര്പ്രദേശിനോളമെത്തില്ല. എന്നാല്‍, ഈ രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നപ്പോള്‍ യുപിയിലിത് വെറും മുപ്പതിനായിരം.
പത്തു ലക്ഷത്തില്‍ എത്ര വൈറസ് ബാധിതര്‍ എന്ന കണക്കെടുത്താല്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് യുപി. പത്തുലക്ഷത്തില്‍ 133 പേര്‍ക്ക് മാത്രമാണ് യുപിയില്‍ കൊറോണ കണ്ടെത്തുന്നത്. ദല്‍ഹിയിലിത് 5189 ആണ്. മഹാരാഷ്ട്ര-1777, തമിഴ്നാട്- 1566, തെലങ്കാന- 741, ഹരിയാന- 639 എന്നിങ്ങനെയാണ് പത്ത് ലക്ഷത്തില്‍ രോഗം കണ്ടെത്തുന്നവരുടെ എണ്ണം.
കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തിന്റെ മറ്റൊരു നേട്ടം. 827 മരണങ്ങളാണ് ഇതുവരെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ പത്ത് ലക്ഷം പേരിലും 15 എന്ന അനുപാതത്തിലാണ് രാജ്യത്തെ നിലവിലെ മരണ നിരക്ക്. എന്നാല്‍, യുപിയിലാകട്ടെ ഇത് വെറും മൂന്നാണ്. ദല്‍ഹി- 159, മഹാരാഷ്ട്ര- 75, ഗുജറാത്ത്- 29, തമിഴ്നാട്- 22 എന്നിങ്ങനെയാണ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങളിലെ മരണാനുപാതം.
പരിശോധനകളുടെ എണ്ണവും യുപി വര്‍ധിപ്പിച്ചു. 92,2000 പരിശോധനകള്‍ ഇതുവരെ നടത്തി. ഉയര്‍ന്ന ജനസംഖ്യയുള്ള യുപിയില്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. എന്നാല്‍, പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ വെറും 3.25 ശതമാനം പേര്‍ക്കാണ് യുപിയില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതും വളരെ കുറവാണ്.
ദല്‍ഹിയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനേകം കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടും വൈറസ് വ്യാപനം അതിരുകടക്കാതെ സൂക്ഷിക്കാന്‍ യുപിക്കായി എന്നാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്കും ചെറുതല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓരോ ദിവസവും നടത്തുന്ന കൊറോണ അവലോകന യോഗങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആശുപത്രികളിലെ നേരിട്ടുള്ള നിരീക്ഷണവുമെല്ലാം യുപിയുടെ കൊറോണ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: