ന്യൂദല്‍ഹി: ഭാരതത്തിന്റെ ഒരു തരി മണ്ണു പോലും കൈയേറിയിട്ടില്ലെന്നും ഇന്ത്യയുമായി ഒരു തരത്തിലുമുള്ള സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ എച്ച.ഇ. സണ്‍ വെയ്ഡോങ്ങാണ് വിഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂണ്‍ 15ന് അതില്ത്തിയില് ഇരുസൈന്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നു. ഇരുരാജ്യങ്ങളും ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ് ദൗര്‍ഭാഗ്യവശാല്‍ അതിര്‍ത്തിയില്‍ സംഭവിച്ചത്. എന്നാല്‍, ജൂലൈ അഞ്ചിന് ചൈനീസ് വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വിഷയങ്ങളില്‍ സമവായം ഉരുത്തിരിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ അധികമായി ഉണ്ടായിരുന്ന ചൈനീസ് പട്ടാളത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ്.
ഗല്‍വാന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ബന്ധം മോശമാകുമെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍, അതെല്ലാം വാസ്തവവിരുദ്ധമാണ്. 2000 വര്‍ഷത്തെ സൗഹൃദത്തിന്റെ ചരിത്രമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ളത്. 1990 ലെ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും പരസ്പരം ഭീഷണി ഉയര്‍ത്തുന്ന ഒരു സാഹചര്യവും സൃഷ്ടിക്കപ്പെടില്ലെന്ന് വ്യക്തമാക്കിയതാണ്. 2018 ല്‍ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കിയതാണ്. പരസ്പരം ഭീഷണി അല്ല മറിച്ച് പരസ്പര സഹകരണത്തോടെയുളള വികസനമാണ് അന്നു പങ്കിട്ടത്. ഇതു മുന്‍നിര്‍ത്തി അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പരിഹരിച്ച് നല്ല ബന്ധത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്നും വെയ്ഡോങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: