തിരുവനന്തപുരം: വ്യക്തിവിവരങ്ങള്‍ വിദേശത്തേക്ക് കടത്തിയതുമുതല്‍ സ്വര്‍ണക്കടത്ത് കേസുകളില്‍ വരെ മുഖ്യമന്ത്രി പിണറായിയും കൂട്ടരും പ്രതിക്കൂട്ടിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രഹസ്യ താവളമാകുന്നു. രാജ്യരഹസ്യങ്ങള്‍ വിദേശത്തേക്കു ചോരുന്നുവെന്ന സംശയവും ശക്തം.
സ്പ്രിങ്കഌറില്‍ വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ന്നപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ഗൗരവതരമായ മറ്റ് ചില സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നയതന്ത്ര ബാഗേജ് എന്ന് ലേബലൊട്ടിച്ച സംവിധാനം വഴി സ്വര്‍ണം കടത്തിയവര്‍ അതേ മാര്‍ഗമുപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തിക്കൊണ്ടുവരാനുള്ള സാധ്യത തള്ളാനാകില്ല. രാജ്യത്തെ ബാധിക്കുന്ന വിവരങ്ങളും നയതന്ത്ര ബഗേജിന്റെ ആനുകൂല്യം മുതലെടുത്ത് കടത്താം. ഇതിനെല്ലാം സഹായകരമായ നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു എന്നാണ് സൂചന.
കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കള്ളക്കടത്തുവഴി കേരളത്തിലേക്ക് എത്തുന്നത്. ഇതെവിടേക്കുപോകുന്നു എന്നത് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങളെ മുളയിലേ നുള്ളുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള കള്ളക്കടത്തുകാര്‍.
മുഖ്യമന്ത്രി പിണറായി വിജയന് അധികാരമേറ്റ ശേഷം ഐടി മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ ആരൊക്കെ പങ്കെടുക്കുന്നു എന്ന് വ്യക്തമായ ധാരണ ആര്‍ക്കുമുണ്ടാകാറില്ല. സംസ്ഥാനത്തിന് ഇതു കൊണ്ട് യാതൊരു ഗുണവുമുണ്ടാകാറില്ല. പലതും പകുതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏതെങ്കിലും സ്റ്റാര്‍ട്ടപ് കമ്പനികളെ മുന്നില്‍ നിര്‍ത്തിയായിരിക്കും വിദേശികള്‍ സര്‍ക്കാരുമായി അടുത്ത് ഇടപഴകി പരിപാടികള്‍ സംഘടിപ്പിക്കുന്നതും കരാറില്‍ ഒപ്പു വയ്ക്കുന്നതും. ഇവര്‍ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിയുടെ ഓഫീസുമായി പലപ്പോഴും ബന്ധപ്പെടാറുമുണ്ട്.
വികസനത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിരോധിത സംഘടനകളുടെ ആളുകള്‍ വരെയുണ്ട്. ഇതിനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സംരക്ഷണമുണ്ട്. ഇപ്പോഴത്തെ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റില്‍ കയറി ഇറങ്ങിയത് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുമായിട്ടായിരുന്നു. സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളുമായി നല്ല സ്വാധീനവും സ്വപ്നയ്ക്കുണ്ടായിരുന്നു. അതീവ രഹസ്യവിഭാഗത്തില്‍ സ്വാധീനവും ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്നയെ തടയാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: