പുനലൂര്‍: എട്ടുമാസം മുമ്പ് നിര്‍മാണം ആരംഭിച്ച പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. പത്തുദിവസം മുമ്പ് മന്ത്രി കെ. രാജുവും ഉദ്യോഗസ്ഥരും ഡിപ്പോ സന്ദര്‍ശിച്ചപ്പോള്‍ കരാറുകാര്‍ മണ്ണുമാന്തിയുമായി സ്ഥലത്തെത്തി പിന്നീട് തിരികെ പോയി. ഇതുവരെ ഒരു നിര്‍മാണവും ആരംഭിച്ചിട്ടില്ല. ഡിപ്പോ ഗ്രൗണ്ടില്‍ ടൈല്‍ പൊളിച്ചു നീക്കി കോമ്പൗണ്ട് കെട്ടി തിരിച്ച് ഇട്ടിട്ട് മാസങ്ങളായിട്ടും നിര്‍മാണത്തില്‍ പുരോഗതിയില്ല. സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ചിലധികം ബസുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
നിര്‍മാണം ഇത്രയും വൈകുമെങ്കില്‍ ടൈലുകള്‍ പൊളിച്ചു കോമ്പൗണ്ടും തിരിച്ച് ഡിപ്പോയുടെ സ്ഥലം ദീര്‍ഘകാലം നഷ്ടപ്പെടുത്തിയത് എന്തിനെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. 80 ലക്ഷം രൂപ ചെലവഴിച്ചു ഡിപ്പോയുടെ മുന്നിലെ പഴയ യാര്‍ഡില്‍ ആറുമാസം മുമ്പ് ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ശേഷിക്കുന്ന 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിപ്പോക്കു മുന്നില്‍ പുതിയ പ്രവേശനകവാടത്തിന്റെ നിര്‍മാണം നടക്കേണ്ടത്. ലോക് ഡൗണ്‍ മൂലം രണ്ടുമാസം എല്ലാ മേഖലയിലും നിര്‍മാണം സ്തംഭിച്ചിരുന്നു.
ഡിപ്പോയ്ക്ക് അകത്തേക്കും പുറത്തേക്കും ബസുകള്‍ക്ക് ഇറങ്ങാനും കയറാനും വേണ്ടിയാണ് പുതിയ പ്രവേശനകവാടങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. പ്രവേശന കവാടത്തോട് ചേര്‍ന്ന് യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സെക്യൂരിറ്റികള്‍ക്ക് മുറിയും പണിയാനായിരുന്നു ലക്ഷ്യമിട്ടത്. ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ചിരുന്ന സമീപത്തെ മലയോര ഹൈവേയുടെ നിര്‍മാണം അടക്കം പുനരാരംഭിച്ച് ഇവിടെ ഒന്നാംഘട്ട ടാറിങ്ങും നടത്തിയിരുന്നു. എന്നിട്ടും പ്രവേശനകവാടത്തിന്റെ ജോലികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: