കോഴിക്കോട് : ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയതില്‍ വിവിധ ജില്ലകളില്‍ വന്‍ സംഘര്‍ഷ. കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവജന സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
പല ജില്ലകളിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടയുകയും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നെരെ ജലപീരങ്കി പ്രയോഗിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്, ജില്ലാ പ്രസിഡന്റ് ടി. റനീഷ്, സംസ്ഥാന ട്രഷറര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് യുവമോര്‍ച്ച കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും രാജിവെച്ചൊഴിയണം എന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന് ഉള്‍പ്പടെ പത്ത് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ആര്. ദിനേശ് കുമാര്‍, അമൃത ടിവി ക്യാമറമാന് സുനില്‍കുമാര്‍, മനോരമ ഫോട്ടോഗ്രാഫര്‍ അബു ഹാഷിം, മംഗളം ഫോട്ടോഗ്രാഫര്‍ രാജീവ് മേനോന് എന്നിവര്‍ക്കും പോലീസ് അതിക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. യുവമോര്‍ച്ചയ്ക്കു മുന്‍പ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരേയും പോലീസ് വന്‍ അതിക്രമങ്ങളാണ് അഴിച്ചുവിട്ടത്.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തി. പിണറായിയിലെ മമ്പുറത്ത് നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഛായചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ചാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോട്ടയത്ത് കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ കളക്ട്രേറ്റിന് ഉള്ളിലേക്ക് കയറി.
തിരുവനന്തപുരത്ത് കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. സ്ഥാപനത്തിന് സമീപത്തുവച്ച് പോലീസ് വടംകെട്ടി പ്രവര്‍ത്തകരെ തടഞ്ഞു. പിണറായി വിജയന്റെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് എംപി അടക്കമുള്ളവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: