കാസര്‍കോട്: കേരളത്തില്‍ നിരീക്ഷണത്തിലോ ചികിത്സയിലോ അല്ലാതെ മരണപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം കാസര്‍കോടുണ്ടായ കോവിഡ് മരണം സംസ്ഥാനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന വാദവുമായി ആരോഗ്യവകുപ്പ് രംഗത്ത്.
മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് സ്വദേശി ബി.എം. അബ്ദുല്‍ റഹ്മാന്റെ(55) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചുവെങ്കിലും ഈ മരണം എവിടത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ പലചരക്കു കട നടത്തുകയായിരുന്ന അബ്ദുല്‍ റഹ്മാന് ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സയിലായിരുന്നു.
ചികിത്സയുടെ ഭാഗമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് നാല് ദിവസം മുമ്പ് ഹുബ്ലിയില്‍ വെച്ച് പനി അനുഭവപ്പെട്ടു. തുടര്‍ന്ന് രണ്ട് ബന്ധുക്കള്‍ക്കൊപ്പം കാര്‍ മാര്‍ഗം 6ന് നാട്ടിലേക്ക് പുറപ്പെടുകയും 7ന് പുലര്‍ച്ചെ 3.30ന് തലപ്പാടി ചെക്ക് പോസ്റ്റിലെത്തുകയും ചെയ്തു. അവിടെ നിന്ന് മറ്റൊരു കാര്‍ മാര്‍ഗം നാട്ടിലേക്ക് വരുന്ന വഴി ശ്വാസതടസ്സം അനുഭവപ്പെടുകയും ജനറല്‍ ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.
എന്നാല്‍ ട്രൂനാറ്റ് ടെസ്റ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താനായി മരണ ശേഷം വീണ്ടും സ്രവമെടുത്ത് പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ ലാബിലേക്ക് അയക്കുകയും കഴിഞ്ഞ ദിവസം വൈകിട്ടോടെ ഈ പരിശോധനയിലും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖമായിരിക്കാം അബ്ദുല്‍ റഹ്മാന്റെ മരണകാരണമെന്നാണ് ജനറല്‍ ആശുപത്രി അധികൃതര്‍ ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്.
അബ്ദുല്‍ റഹ്മാന്റെ മരണം കാസര്‍കോട് ജില്ലയിലെ കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാസര്‍കോട്ട് ചികിത്സ തേടുന്നതിന് മുമ്പേ മരണം സംഭവിച്ചതിനാലാണ് ജില്ലയിലെ ലിസ്റ്റില്‍ ഉള്പ്പെടുത്താനാവാത്തതെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയുമ്പോഴുമല്ല മരണമെന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. അബ്ദുല്‍റഹ്മാന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പറപ്പാടി മഖാം പരിസരത്ത് ഖബറടക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുന്ദരന്‍ കൃഷ്ണ, പ്രസാദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സംസ്കാര ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: