കുന്നത്തൂര്‍: ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഭരണസമിതിയിലെ തര്‍ക്കത്തില്‍ വലഞ്ഞത് ക്ഷീരകര്‍ഷകര്‍.
ഭരണം കയ്യാളുന്ന സിപിഎം-സിപിഐ തര്‍ക്കമാണ് സംഘത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചത്. സംഘത്തില്‍ പാല് നല്കുന്ന കര്‍ഷകര്‍ക്ക് ഒരു മാസമായി പണം കിട്ടുന്നില്ല. ആഴ്ചതോറും നല്‍കേണ്ട പണം ലഭിക്കാതായതോടെ നിരവധി ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. ഇന്നലെ പണം നല്‍കുമെന്ന ഉറപ്പില്‍ പാലുമായി എത്തിയവരോടും സംഘം അധികൃതര്‍ കൈമലര്‍ത്തി കാണിച്ചതോടെ കര്‍ഷകര്‍ പ്രതിഷേധിച്ചു. നൂറുകണക്കിന് ലിറ്റര്‍ പാല് സംഘത്തിനു മുന്നിലും റോഡിലും ഒഴുക്കികളഞ്ഞാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. കാലിത്തീറ്റ വിലവര്‍ധനവും കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണും പശുക്കളിലെ രോഗങ്ങളും തളര്‍ത്തിയ ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി സംഘത്തിന്റെ നിരുത്തരവാദിത്വം മാറി.
ഇടതുമുന്നണി ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം സിപിഐക്കും തുടര്‍ന്നുള്ള കാലയളവ് സിപിഎമ്മിനുമാണ് സംഘത്തിന്റെ ഭരണം. സിപിഎമ്മിന്റെ അവസരം വന്നതോടെയാണ് സംഘത്തില്‍ പ്രതിസന്ധി ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. നിലവിലെ താത്ക്കാലിക സെക്രട്ടറിയെ മാറ്റണമെന്നാണ് സിപിഎം ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് താത്ക്കാലിക സെക്രട്ടറിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. പകരം സെക്രട്ടറിയെയും നിയമിച്ചില്ല. സെക്രട്ടറി ഇല്ലാതായതോടെ ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
വര്‍ഷങ്ങളായി സംഘത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയെ മാറ്റി ഡിവൈഎഫ്ഐ നേതാവും മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ നേതാവിന്റെ ബന്ധുവിനെ നിയമിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ അടുത്ത ആവശ്യം. എന്നാല്‍ ഈ ആവശ്യം സിപിഐ നിരസിച്ചതോടെ ഭരണപ്രതിസന്ധിയായി. അതോടെ ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റി. പശുവളര്‍ത്തല്‍ ഏറെ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് താങ്ങും സഹായവുമാകേണ്ട സംഘം, കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം കൈക്കൊള്ളുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: