ന്യൂദല്‍ഹി: വിമാനത്താവളങ്ങളും സ്വര്‍ണക്കടത്തുമെല്ലാം കേന്ദ്രസര്‍ക്കാര്‍ വിഷയങ്ങളാണെന്ന് പറഞ്ഞ് തലസ്ഥാനത്തെ കള്ളക്കടത്തു വിഷയത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായ വിജയന് ശ്രമിക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല. സ്വര്‍ണക്കടത്തിനു വെറും കള്ളക്കടത്തിന്റെ തലങ്ങള്‍ക്കപ്പുറം മറ്റു പലതമുണ്ട്. വിഷയത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുക. പ്രതികള്‍ മാത്രമല്ല, അവര്‍ക്കു സഹായം ചെയ്തവരും ശുപാര്‍ശ ചെയ്തവരും നിയമത്തിനു മുന്നില്‍ എത്തും.
തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തില്‍ നടന്ന കള്ളക്കടത്ത് പിടികൂടിയത്. തുടര്‍ നടപടികള്‍ ഉണ്ടാകും. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് വഴിയില്‍ പറയുന്ന കാര്യം ഏറ്റുപറയുകയാണോ ചെയ്യേണ്ടത് ? സ്വന്തം വകുപ്പിലെ ജീവനക്കാരിയാണ് പ്രതി. കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ആള് പൊതുപരിപാടികളുടെ മുഖ്യസംഘാടകയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഒരു കേസില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ സംസ്ഥാനമോ ഹൈക്കോടതിയോ ആവശ്യപ്പെടണം. ഈ കേസിന്റെ സ്വഭാവം അനുസരിച്ചാകും അന്വേഷണ ഏജന്‍സികളെ തീരുമാനിക്കുക. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിനു വന്ന ലഗേജ് എന്നതു കൊണ്ട് ഡിപ്ലോമാറ്റിക് ലഗേജ് എന്ന പരിഗണന ലഭിക്കില്ലെന്നും മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: