തൃശൂര്‍: പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്നും സംസ്ഥാന പട്ടികജാതി വികസന വകുപ്പ് വെന്റിലേറ്ററിലാണെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2019-20 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തിന് വകയിരുത്തിയ 1587.71 കോടി രൂപയില്‍ 301.34 കോടിയും (18.98 ശതമാനം) പട്ടിക വര്‍ഗ വിഭാഗത്തിന് വകയിരുത്തിയ 683.63 കോടി രൂപയില്‍ 146 കോടിയും (22.86 ശതമാനം) മാത്രമാണ് ചെലവഴിച്ചത്. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച തുകയില്‍ 612.51 കോടി രൂപ ചെലവഴിച്ചില്ല. അതേസമയം പണമില്ലാത്ത കാരണത്താല്‍ നിരവധി പട്ടികജാതി വികസന പദ്ധതികള്‍ സംസ്ഥാനത്ത് ഉപേക്ഷിച്ചു. പട്ടികജാതി വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്.
2106 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 2436.51 കോടി രൂപയുടെ പട്ടികജാതി ഫണ്ട് സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് മറുപടി പറയണം. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് അനുവദിച്ച ഫണ്ടിനെയും ചെലവഴിച്ച ഫണ്ടിനെയും കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. കേരളത്തില്‍ നടപ്പാക്കേണ്ട 10ഓളം കേന്ദ്ര പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു.
ഇതുസംബന്ധിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിക്ക് പട്ടികജാതി മോര്‍ച്ച നിവേദനം നല്‍കിയിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ചികിത്സാ സഹായത്തിനുള്ള അപേക്ഷകള്‍ മുതല്‍ പ്രളയ ദുരിതാശ്വാസ ധനസഹായം, വിവാഹ ധനസഹായം, എന്‍ട്രന്‍സ് ട്യൂഷന് ഫീസ് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. വിവിധ ആനൂകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പട്ടികജാതി വികസന ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. പട്ടികജാതി വികസന വകുപ്പില്‍ കെടുകാര്യസ്ഥതയും അഴിമതിയുമാണ് നടക്കുന്നത്.
പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കാതെ ലാപ്സാക്കിയ വിഷയത്തില്‍ നിവേദനം നല്‍കിയിട്ടും സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ 16 എംഎല്‍എമാര്‍ ഇടപെട്ടില്ല. ഫണ്ട് ദുരുപയോഗം ചെയ്ത വിഷയത്തില്‍ 16 എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി ശശി മരുതയൂര്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി.ഷാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ.ബാബു, ജില്ലാകമ്മിറ്റി അംഗം രാജന് നല്ലങ്കര എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: