നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗം ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നന്മണ്ട പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അംഗം ഗിരിജ വലിയപറമ്പിലാണ് യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയു മായിരുന്നു.
എല്ലാ വാര്‍ഡുകളിലും ഒന്‍പത് വീതം തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയപ്പോള് ഏഴാം വാര്‍ഡില്‍ തൊഴില്‍ എടുക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കൃത്യമായി തൊഴിലെടുത്ത തൊഴിലാളിയെ മാറ്റ് ആക്കി പ്രോഗ്രാം ഓഫീസര്‍ ആയ സെക്രട്ടറി നിശ്ചയിച്ചെങ്കിലും ഇതിനെ മറികടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴിലെടുക്കാത്തവരെ ഉള്‍പ്പെടുത്തി മുന്‍ഗണ നിശ്ചയിക്കുകയായിരുന്നുവെന്നും പിന്നീട് സെക്രട്ടറിയും ഇതിന് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും ഗിരിജ പറഞ്ഞു.
25 ദിവസം തൊഴില്‍ എടുത്തവര്‍ക്കാണ് മേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ പഞ്ചായത്ത് ഭരണകക്ഷിയെ അനുകൂലിക്കുന്നവര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒന്‍പത് പേരില്‍ കുറവായതിനാല്‍ ആണ് നിയമം കാറ്റില്‍പറത്തി രണ്ട് തൊഴിലെടുക്കാത്തവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഗിരിജ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. മസ്റ്റര്‍ റോള്‍ പോലും എത്തിക്കാതെയാണ് തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത്. മസ്റ്റര്‍ റോള്‍ തയ്യാറാക്കുന്നത് വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അദ്ധ്യക്ഷനായി. ടി. ദേവദാസ്, ഷാജി വാര്യമഠം, വി.വി. സ്വപ്നേഷ്, ടി.കെ. ബിജീഷ് കുമാര്‍, സി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: