മുക്കം: വര്‍ഷങ്ങളായി അപകടാവസ്ഥയിലുള്ള നോര്‍ത്ത് കാരശ്ശേരി- കൊടിയത്തൂര്‍ റോഡിലെ കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കാരശ്ശേരി- കൊടിയത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മുപ്പത്തഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണിത്. സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുള്ള, പൊതുമരാമത്ത് വകുപ്പധികൃതര്‍, പോലിസ്, അഗ്നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ പ്രതിഷേധിച്ചു. നേരത്തെ പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ സ്ലാബ് പൊളിഞ്ഞ് കമ്പികള്‍ പുറത്തായിട്ടുണ്ട്. പാലത്തിന്റെ കരിങ്കല്‍കെട്ടില്‍ വിള്ളല്‍ വീണ് ഒരു ഭാഗം തകര്‍ന്നു. പാലത്തിനോട് ചേര്‍ന്ന് റോഡിന്റെ വശം ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്. റോഡ് താഴുന്ന നിലയിലുമാണ്. പാലത്തിന്റെ ഒരു വശം ആഴമുള്ള ഇരുവഴിഞ്ഞിപ്പുഴയാണ്. അതിനാല്‍ വലിയ അപകട ഭീഷണിയാണ് ഇവിടെയുള്ളത്. ഇതിനെ തുടര്‍ന്ന് 2019 ഓഗസ്റ്റ് 30 മുതല്‍ കോട്ടമുഴി പാലം വഴിയുള്ള ബസ് സര്‍വിസുകളും ഭാരം കയറ്റിയ വാഹനങ്ങളും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരോധിച്ചിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഇത് കാറ്റില്‍പറത്തി വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ തുടങ്ങി. അതിനെതിരെ പിന്നീട് ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. രണ്ട് വര്‍ഷം മുന്‍പ് 4.95 കോടി രൂപ ചിലവഴിച്ച് നവീകരിച്ച റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്. ദിവസേന ചെറുതും വലുതുമായ നൂറിലധികം വാഹനങ്ങള്‍ പാലം വഴി കടന്നുപോകുന്നുണ്ട്. പ്രദേശത്തെയും മുക്കം ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നിരവധി സ്കൂള്‍ ബസുകളും പാലം വഴിയാണ് കടന്നു പോവുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കൈവശമായിരുന്ന കല്വര്ട്ടായിരുന്നു ഇതെന്നും കഴിഞ്ഞ പ്രളയത്തില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പാലം നിര്‍മാണത്തിന് അപേക്ഷ നല്‍കിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: