തുപ്പല്‍ തേക്കുന്ന ശീലം ഒഴിവാക്കി പന്തെറിയാനെത്തുന്ന ബൗളര്‍മാര്‍ക്ക് ഇത് യാഥാര്‍ത്ഥ ടെസ്റ്റ്. സ്വിങ്ങിനായി പന്തില്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ ഐസിസി നിയമപ്രകാരം അമ്പയര്‍മാര്‍ക്ക് നടപടിയെടുക്കാം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാരണവശാലും പന്തില്‍ തുപ്പല്‍ ഉപയോഗിക്കരുതെന്നാണ് ഐസിസിയുടെ നിര്‍ദേശം. തുപ്പല്‍ ഉപയോഗിക്കുന്നതിന് പകരം സാനിറ്റൈസര്‍ നല്‍കിയേക്കും. എന്നാല്‍ പേസ് ബൗളര്‍മാര്‍ക്ക് ഇത് എത്രത്തോളം ഫലപ്രതമാകുമെന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
പന്തെറിയുമ്പോള്‍ ഏതെങ്കിലും തരത്തില്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ ആദ്യ തവണ മുന്നറിയിപ്പ് നല്‍കാം. വീണ്ടും ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് സൗജന്യം. ഒരു ടീമിന് ഒരു ഇന്നിങ്‌സില്‍ പരമാവധി രണ്ട് തവണ വരെ മുന്നറിയിപ്പ് ലഭിക്കും.
കാണികളില്ല, ആഘോഷവും
സാമൂഹികഅകലം പാലിച്ചാകും മത്സരമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ കാണികളുണ്ടാകില്ല. കളിക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും അമ്പയറും സ്റ്റേഡിയത്തിലെ ഉദ്യോഗസ്ഥരും മാത്രം. വിക്കറ്റ് നേട്ടങ്ങള്‍ ആഘോഷമാക്കാന്‍ ഒന്നിച്ചുള്ള ആഹ്ലാദപ്രകടനം പാടില്ല. സെഞ്ചുറി നേടിയാല്‍ സഹതാരത്തിനൊപ്പം ഹസ്തദാനം നല്‍കിയുള്ള ആഘോഷത്തിനും വിലക്ക്. പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് നേട്ടം മുട്ടുകൈ ഉപയോഗിച്ച് സഹ താരത്തോടൊപ്പം ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു.
ഹോള്‍ഡര്‍ റെക്കോഡിനരികില്‍
ടെസ്റ്റ് ക്രിക്കറ്റില്‍ വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ പുത്തന്‍ റെക്കോഡിനരികില്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ 102 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനായി ടെസ്റ്റില്‍ രണ്ടായിരം റണ്‍സും നൂറ് വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: