ശ്ലോകം 220
ദേഹം ധിയം ചിത്പ്രതിബിംബമേവം
വിസൃജ്യ ബുദ്ധൗ നിഹിതം ഗുഹായാം
ദ്രഷ്ടാരമാത്മാനമഖണ്ഡബോധം
സര്വപ്രകാശം സദസദ് വിലക്ഷണം
നിത്യംവിഭും സര്‍വഗതം സുസൂക്ഷ്മം
അന്തര്‍ബഹിഃ ശൂന്യമനന്യമാത്മനഃ
വിജ്ഞായ സമ്യക്നിജരൂപമേതത്
പുമാന് വിപാപ്മാ വിരജോ വിമൃത്യുഃ
ദേഹം, ബുദ്ധി, ബുദ്ധിയിലെ ചിത് പ്രതിബിംബം എന്നിവയെ വിട്ട് ബുദ്ധി ഗുഹയില്‍ വിളങ്ങുന്ന സാക്ഷിയായ ആത്മാവിനെ അറിയണം. അഖണ്ഡ ബോധസ്വരൂപനും സര്‍വ പ്രകാശകനും സ്ഥൂല സൂക്ഷ്മങ്ങളില്‍ നിന്ന് വേറിട്ടവനുമാണത്. നിത്യനും സര്‍വവ്യാപിയും എല്ലാറ്റിലും ഉപാദാന രൂപത്തില്‍ കുടികൊള്ളുന്നവനുമാണ്. അകവും പുറവുമില്ലാതെ തന്നില്‍ നിന്ന് വിട്ട് മറ്റൊന്നല്ലാതെയിരിക്കുന്ന ആത്മാവിനെ ഇതാണ് തന്റെ സ്വരൂപമെന്ന് ജ്ഞാനി സാക്ഷാത്കരിക്കുന്നു. പാപമോ രജസ്സോ മണമോ ഒന്നും തന്നെ അവിടെയില്ല.
ശ്ലോകം 222
വിശോക ആനന്ദഘനോ വിപശ്ചിത്
സ്വയം കുതശ്ചിത് ന ബിഭേതി കശ്ചിത്
നാന്യോളസ്തി പന്ഥാ ഭവബന്ധമുക്തേഃ
വിനാ സ്വതത്ത്വാവഗമം മുമുക്ഷോഃ
ദുഃഖം ഇല്ലാത്തവനും ആനന്ദഘന സ്വരൂപനുമായിത്തീരുന്ന സര്വജ്ഞന് ഒന്നിനേയും ഭയക്കുന്നില്ല. സമ്യക് ജ്ഞാനമുള്ളയാള്ക്ക് ഭയമുണ്ടാകില്ല. ഇത്തരത്തില്‍ തന്റെ സ്വരൂപമായ ആത്മതത്ത്വം അറിയുകയല്ലാതെ സംസാര ബന്ധത്തില്‍ നിന്ന് മോചനം നേടാന്‍ മുമുക്ഷുവിന് മറ്റു വഴിയൊന്നുമില്ല.
ഇനി മൂന്ന് ശ്ലോകങ്ങളിലും പറഞ്ഞിരിക്കുന്ന ഓരോന്നിനെക്കുറിച്ചും അല്പം കാണാം. കഴിഞ്ഞ ശ്ലോകത്തില്‍ കുടം, വെള്ളം പ്രതിബിംബം എന്നിവയെ വിട്ട് യഥാര്‍ത്ഥ സൂര്യനെ കാണാന്‍ പറഞ്ഞതുപോലെയാണ് ഇവിടെയും ആദ്യമേ പറയുന്നത്. ശരീരമാകുന്ന കുടത്തേയും വെള്ളമാകുന്ന അന്തഃ കരണത്തേയും സൂര്യപ്രതിബിംബം പോലുള്ള ചിത് പ്രതിബിംബത്തേയും വിട്ട് ബുദ്ധി ഗുഹയില്‍ വിളങ്ങുന്ന പരമാത്മാതത്ത്വത്തെ സാക്ഷാത്കരിക്കണം. ശരീരം മുതലായ മൂന്നിനേയും പ്രകാശിപ്പിക്കുന്നതാണ് ആത്മചൈതന്യം.
ബുദ്ധിഗുഹ എന്നാല്‍ ബുദ്ധി എന്ന് അര്ത്ഥമെടുക്കേണ്ട. ബുദ്ധിയുടെ സത്തയായ ചൈതന്യമാണ്. ബുദ്ധിയിലെ ബോധക ശക്തിയാണ് ആത്മചൈതന്യം. ബുദ്ധി ഗുഹയില്‍ ദ്രഷ്ടാവായ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന ആത്മാവിനെയാണ് അറിയേണ്ടത്. അത് ദൃശ്യവസ്തുവല്ല എന്നും അറിയണം. അത് എല്ലാറ്റിനേയും ദര്‍ശിക്കുന്നതാണ്. അതിന്റെ സാന്നിധ്യത്തിലാണ് ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവര്‍ത്തിക്കുന്നത്. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതിനാല്‍ അത് മാത്രമാണ് സ്വയം പ്രകാശനായ ദ്രഷ്ടാവ്.
അഖണ്ഡ ആനന്ദണോ ബോധമായുള്ളതാണ് ആത്മാവ്. അത് എല്ലാ അറിവുകള്‍ക്കും നിദാനമായിരിക്കുന്നതാണ്.അത് പരിമിതമായ അറിവല്ല.എല്ലാ അറിവുകള്‍ക്കും ആധാരമായി വിലസുന്നതാണ്. സര്‍വപ്രകാശവും സത്തില്‍ നിന്നും അസത്തില്‍ നിന്നും വേറിട്ടതുമാണ് ആത്മാവ്.
സര്വപ്രകാശമായതിനാല് അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നു. വിഷയങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവയെ പ്രകാശിപ്പിക്കുന്നു. ഇല്ല എന്ന അറിവ് പോലും അത് തന്നെയാണ് പ്രകാശിപ്പിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായതില് നിന്നൊക്കെ വേറിട്ടതുമാണത്.രൂപമുണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ല. ദൃശ്യമായതില്‍ നിന്നൊക്കെ വേറിട്ടതാണത്. ദൃശ്യമല്ല, എല്ലാം കാണുന്നവനായ ദ്രഷ്ടാവാണ് ആത്മാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: