ന്യൂദല്‍ഹി:കോവിഡ്-19 പ്രതിസന്ധി സാരമായി ബാധിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ധനലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള എം.എസ്.എം.ഇ എമര്‍ജന്‍സി റെസ്പോണ്‍സ് പ്രോഗ്രാമിനായി ലോക ബാങ്കും കേന്ദ്ര സര്‍ക്കാര്‍ 750 മില്യണ്‍ ഡോളര്‍(5600 കോടി) കരാറില്‍ ഒപ്പുവച്ചു.
നിലവിലെ പ്രതിസന്ധി സൃഷ്ടിച്ച ആഘാതം നേരിടാനും ദശലക്ഷക്കണക്കിന് തൊഴിലുകള്‍ സംരക്ഷിക്കാനും സഹായകമാവുന്ന തരത്തില്‍ ലോകബാങ്കിന്റെ MSME എമര്‍ജന്‍സി റെസ്പോണ്‍സ് പ്രോഗ്രാം 1.5 ദശലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അടിയന്തര മൂലധനവും വായ്പാ ലഭ്യതയും ഉറപ്പാക്കും.
ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖാരെയും ലോക ബാങ്കിനെ പ്രതിനിധീകരിച്ച് ഇന്ത്യ വിഭാഗം ഡയറക്ടര്‍ ജുനൈദ് അഹ്മദുമാണ് കരാര്‍ ഒപ്പിട്ടത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ നിലനില്‍പ്പിനായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നത് തുടരാന്‍ പ്രേരിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതിനും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളെയും ബാങ്കുകളെയും പദ്ധതി സഹായിക്കുമെന്ന് ഖാരെ പറഞ്ഞു.
ലോക ബാങ്കിന്റെ തന്നെ സ്വകാര്യമേഖലയിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പ്പറേഷന് (ഐഎഫ്സി) ഉള്‍പ്പെടെയുള്ള ലോക ബാങ്ക് ഗ്രൂപ്പ്, സൂക്ഷ്മ , ചെറുകിട, ഇടത്തരം സംരംഭക മേഖലയെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സംരംഭങ്ങളെ ഇനിപ്പറയുന്ന തരത്തില്‍ പിന്തുണയ്ക്കും:
* ധനലഭ്യത ഉറപ്പു വരുത്തും
* നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളെയും ചെറുകിട ധനകാര്യ ബാങ്കിങ് സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തും.
* സാമ്പത്തികരംഗത്തെ നൂതന സംരംഭങ്ങളെ പിന്തുണയ്ക്കും
ഇന്ത്യയുടെ കോവിഡ് -19 പ്രതോരോധത്തെ പിന്തുണയ്ക്കാന്‍ പുതിയ എം.എസ്.എം.ഇ. പദ്ധതി ഉള്‍പ്പെടെ ഇതു വരെ ലോക ബാങ്ക് 275 കോടി ഡോളര്‍ പ്രതിജ്ഞ ചെയ്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: