തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന രക്ഷിതാക്കള്‍ക്ക് സ്വകാര്യ സ്കൂളുകളിലെ അമിത ഫീസ് ഇരുട്ടടിയാകുന്നു. സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ്കളുടെ അമിത ഫീസിനും ഫീസ് വര്‍ദ്ധനവിനുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ പ്രാധാന്യം കൊടുക്കുന്നത് സ്വകാര്യ സ്കൂളുകള്‍ ചൂഷണം ചെയ്യുകയാണ്.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ചില സ്വകാര്യ സ്കൂളുകളില്‍ ഫീസ് ഈടാക്കുന്നത്. കൊറോണ മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് ഫീസ് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചില സ്കൂളുകളില്‍ അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇതേതുടര്‍ന്ന് സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ സാധിക്കുന്നില്ല. അമിതമായി ഫീസ് പിരിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ ഒറ്റപ്പെടുത്തുകയാണെന്നാണ് പരാതി. നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ഭീഷണി. അന്യായമായി ഫീസ് ഈടാക്കുകയും ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് കള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.
വിദ്യാഭ്യാസത്തെ കച്ചവട മനോഭാവത്തോടെ കാണുന്ന സ്വകാര്യ സ്കൂളുകളെ കടിഞ്ഞാന്‍ ഇടാത്തപക്ഷം സാധാരണക്കാരുടെ കുട്ടികള്‍ക്ക് പഠനം സാധിക്കാത്ത സ്ഥിതിയാണ്. കൃത്യമായ സമയത്ത് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാലാണ് സ്വകാര്യ സ്കൂളുകള്‍ രക്ഷിതാക്കളെ കൊള്ളയടിക്കുന്നത് തുടരുന്നതിന്റെ പ്രധാന കാരണം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചാണ് ഫീസ് കൊള്ള തുടരുന്നത്. കൊറോണ കാലത്ത് സ്വകാര്യ സ്കൂള്‍ അധികൃതരുടെ നടപടി തീര്‍ത്തും മനുഷ്യത്വരഹിതമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഓണ്‍ലൈന്‍ പഠനം തുടരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലാത്ത നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും യൂണിഫോമും വാങ്ങാന്‍ ചില സ്കൂളുകള്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്നുണ്ട്. നിശ്ചിത തീയതിക്ക് മുമ്പ് വാങ്ങിയില്ലെങ്കില്‍ ഇവ ഇനി ലഭിക്കില്ലെന്നാണ് ചില സ്കൂള്‍ അധികൃതര്‍ പറയുന്നത്. അടുത്ത ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട സ്കൂള്‍ അധികൃതര്‍ ഫീസിന്റെ മറവില്‍ രക്ഷിതാക്കളെ പിഴിയുകയാണ്. കുട്ടികളുടെ ഭാവിയെ കരുതി കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമാണ് പാഠപുസ്തകങ്ങളും യൂണിഫോമും വാങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസ് പിരിവിനും ഫീസ് വര്‍ദ്ധനവിനുമെതിരെ സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: