കൊച്ചി: രണ്ട് എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ കണ്ടൈന്‍മെന്റ് സോണില്‍ സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ നിര്‍വാഹക സമിതി യോഗം. താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് കൊച്ചി നഗരത്തിലെ കണ്ടൈന്‍മെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ യോഗം ഇടയ്‌ക്ക് നിര്‍ത്തി. ഇതിനു പിന്നാലെ ഹോട്ടല്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി.
സിപിഎം എംഎല്‍എ എം. മുകേഷ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കൊറോണ പ്രതിസന്ധിയില്‍ അകപ്പെട്ട സിനിമ മേഖലയെ കരകയറ്റാന്‍ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കുന്നതിന് യോഗം തീരുമാനിച്ചു. 50 ശതമാനം വരെ പ്രതിഫലം കുറയ്‌ക്കാന്‍ തയാറാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറയ്‌ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദേശം.
ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചയില്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് താര സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോഗം കൂടിയത്. പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടിനോടും എഎംഎംഎയ്‌ക്ക് വിയോജിപ്പായിരുന്നു. അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, അംഗങ്ങളായ സിദ്ദിഖ്, ആസിഫ് അലി, രചന നാരായണന്‍കുട്ടി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: