തിരുവനന്തപുരം: യുഡിഎഫില്‍ നിന്നു പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തിന് വിലങ്ങുതടിയായി സിപിഐ. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് പക്ഷത്തെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന നിലപാടില്‍ തന്നെയാണ് കാനം ഇപ്പോഴും.
വ്യക്തമായ കാരണങ്ങളും തെളിവുകളും ഉന്നയിച്ചാണ് കാനം എതിര്‍ക്കുന്നത്. 1965ലെ ചരിത്രം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിക്കുകയും കാനം ചെയ്യുന്നുണ്ട്. സിപിഎം-സിപിഐ പോര് മുറുകുന്നുവെന്ന സൂചനയാണ് കാനം ഇന്നലെ നല്‍കിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് കാനത്തിന്റെ വിലയിരുത്തല്‍. ജോസ് പക്ഷത്തെ മുന്നണിയില്‍ സ്വീകരിച്ച് അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. ഇടയ്‌ക്കിടെ വരികയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. അവരുമായി സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും ജോസ് പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം പ്രതികരിച്ചു. 1965ലെ ചിരിത്രം ഓര്‍മ്മിപ്പിച്ച് ഒറ്റയ്‌ക്ക് നില്‍ക്കുന്നതിനെ ചൂണ്ടിക്കാണിച്ച കോടിയേരി ബാലകൃഷ്ണനും കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ബാലകൃഷ്ണന്‍ ഒന്നുകൂടെ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് കാനം കടുത്ത ഭാഷയില്‍ പറഞ്ഞു. വര്‍ഗീയ പാര്‍ട്ടിയായ ലീഗുമായി ധാരണയുണ്ടാക്കിയാണ് 1965ല്‍ സിപിഎം മത്സരിച്ചതെന്ന് കാനം തുറന്നടിച്ചു.
ജോസ് പക്ഷത്തെ അടുപ്പിക്കുമ്പോള്‍ എല്‍ഡിഎഫില്‍ ഒരു പൊട്ടിത്തെറി സംഭവിക്കുമെന്ന സൂചനയാണ് കാനത്തിന്റെ വാക്കുകള്‍ നല്‍കുന്നത്. നേരെത്തെയും ജോസിന്റെ ഇടതുപ്രവേശനത്തെ ചൊല്ലി കാനം ഇടഞ്ഞിരുന്നു. അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്നായിരുന്നു അന്ന് കാനം പ്രതികരിച്ചത്. അതേസമയം, ജോസ് കെ. മാണിയെ കൈവിടാതെ കൂടെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഇടതുമുന്നണിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വൈകരുതെന്നാണ് ജോസ് വിഭാഗത്തോട് സിപിഎം വ്യക്തമാക്കിയിട്ടുള്ളത്.
ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് സിപിഎം തുടക്കത്തില്‍ തന്നെ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയിരുന്നു. കെ.എം. മാണിക്കെതിരെ ഇടതുമുന്നണി ഉയര്‍ത്തിയ ബാര്‍ക്കോഴക്കേസില്‍ നിരവധി സിപിഎമ്മുകാര്‍ക്ക് കേസുകളും പോലീസ് മര്‍ദ്ദനങ്ങളും നേരിടേണ്ടിവന്നിരുന്നു. ഇവരോട് എന്തു ന്യായീകരണം നിരത്തുമെന്നതാണ് സിപിഐ ഉയര്‍ത്തുന്ന മറ്റൊരു പ്രധാന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: