ചെറുതോണി: റോഡ് വിപുലീകരിച്ചപ്പോള്‍ വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ റോഡരികിടിഞ്ഞ് വീട് അപകടത്തിലായിരിക്കുന്നതായി കാട്ടി മുക്കുടം സ്വദേശി പുറയംപിള്ളില്‍ പി.ജെ മാത്യു ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
കല്ലാര്‍കുട്ടി-നെടുങ്കണ്ടം റോഡരുകില്‍ സ്ഥിതിചെയ്യുന്ന മാത്യുവിന്റെ വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് വീടിന്റെ ടെറസുവരെ മണ്ണിനടിയിലായിരുന്നു. കൂടാതെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്താല്‍ പുരയിടത്തില്‍ നിരവധി ഗര്‍ത്തങ്ങളും രൂപപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് മലയിടിഞ്ഞ് മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. ശക്തമായ മഴ പെയ്താല്‍ തങ്ങളുടെ വീടും ഏതുനിമിഷവും തകര്‍ന്നു വീണേക്കാമെന്ന ആശങ്കയിലാണ് ഈ കുടുംബം.
വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് റോഡിന്റെ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കരാറുകാരന് മറ്റ് ചില വീടുകള്‍ക്ക് സംരക്ഷണഭിത്തി നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
വലിയ കടബാധ്യതയില്‍ ജപ്തി ഭീഷണിയാലാണെന്നും അപകടാവസ്ഥയിലായിരിക്കുന്ന വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാത്യു കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: